മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിൽ യുവതാരം റിഷഭ് പന്തിന് ബാറ്റിങ് ക്രമത്തിൽ സ്ഥാനക്കയറ്റം നൽകണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ. നിലവിൽ ബാറ്റിംഗ് ക്രമത്തിൽ ആറാം സ്ഥാനത്ത് കളിക്കുന്ന പന്ത് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും നാസർ ഹുസൈൻ പറഞ്ഞു. പരമ്പരയിൽ സീമിംഗ് സാഹചര്യമുള്ളതിനാൽ ഇന്ത്യ ജഡേജ, അശ്വിൻ എന്നിവരെ കളിപ്പിക്കാൻ സാധ്യതയില്ലെന്ന് ഹുസൈൻ കൂട്ടിച്ചേർത്തു.
‘ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ അവരുടെ രണ്ട് സ്പിന്നർമാരെയും കളിപ്പിച്ചിരുന്നു. ഇംഗ്ലണ്ടിലെ പിച്ചുകൾ സീമിംഗ് സാഹചര്യമുള്ളതിനാൽ ഇന്ത്യ ജഡേജ, അശ്വിൻ എന്നിവരെ കളിപ്പിക്കാൻ സാധ്യതയില്ല. എന്നാൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അശ്വിൻ-ജഡേജ കൂട്ടുകെട്ട് ശ്രദ്ധേയമാകും. ഇന്ത്യൻ ടീമിനായി ആറാം സ്ഥാനത്ത് ഹനുമ വിഹാരിക്ക് അവസരം നൽകണം. അത് ഇന്ത്യക്ക് ഗുണം ചെയ്യും. കാരണം, കൗണ്ടി ക്രിക്കറ്റിൽ കളിച്ച പരിചയവും വിഹാരിക്കുണ്ട്’
‘ടെസ്റ്റിൽ ആറാം സ്ഥാനത്ത് ബാറ്റ് ചെയ്യുമ്പോൾ പന്ത് 12 മത്സരങ്ങളിൽ നിന്ന് 14 ഇന്നിംഗ്സുകൾ കളിച്ചിട്ടുണ്ട്. അതിൽ 44.61 ശരാശരിയിൽ 580 റൺസ് നേടിയിട്ടുണ്ട്. ആറാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്ന അദ്ദേഹം ഒരു സെഞ്ച്വറിയും നേടി. തന്റെ വെടിക്കെട്ട് ബാറ്റിംഗിലൂടെ എതിരാളികളെ വിറപ്പിക്കുന്ന പന്തിന്റെ ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകണം’ ഹുസൈൻ പറഞ്ഞു.
Post Your Comments