KeralaLatest News

കേന്ദ്ര സര്‍ക്കാര്‍ വ്യാജമുദ്ര പതിച്ച വാഹനത്തില്‍ ക്രിമിനല്‍ സംഘം: അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളിയും, 4 പേർ അറസ്റ്റിൽ

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളപരിസരത്ത് വാഹനത്തിൽ കേന്ദ്രസർക്കാരിന്റെ വ്യാജസ്റ്റിക്കർ പതിച്ചെത്തിയ രണ്ടുപേരെ കരിപ്പൂർ പോലീസ് അറസ്റ്റുചെയ്തു. നാലുപേർ ഓടി രക്ഷപെട്ടു. ബുധനാഴ്‌ച പുലർച്ചെ അഞ്ചോടെയാണ് സംഭവം.കണ്ണൂർ കക്കാട് ഫാത്തിമ മൻസിലിൽ കെ.പി. മജീസ് (28), അങ്കമാലി കോളോട്ടുകുടി ടോണി ഉറുമീസ് (34) എന്നിവരാണ് പിടിയിലായത്. സുഹൃത്തിനെ യാത്രയയക്കാനാണ് തങ്ങളെത്തിയതെന്ന് ഇവർ പറഞ്ഞെങ്കിലും അതു തെളിയിക്കാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

വ്യാജസ്റ്റിക്കർ പതിച്ച വാഹനവുമായി ഇവർ കരിപ്പൂരിലെത്തി സംശയാസ്‌പദമായ സാഹചര്യത്തിൽ ചുറ്റിത്തിരിയുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വാഹനത്തിലെത്തിയവർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വിമാനത്താവള കവാടത്തിനരികെവെച്ച് പോലീസ് തടഞ്ഞു. ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. നാലുപേർ ഓടിരക്ഷപ്പെട്ടു. ഇവർക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി. അറസ്റ്റിലായ മജീസ് 2021-ൽ രാമനാട്ടുകരയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതിയാണ്.

സ്വർണം കടത്തുന്ന സംഘത്തിൽനിന്ന് സ്വർണം തട്ടിയെടുക്കാനെത്തിയ അർജുൻ ആയങ്കിയോടൊപ്പം അന്ന്‌ ഇയാളുമുണ്ടായിരുന്നു. ഇവരെ തടയാനെത്തിയ ഗുണ്ടാസംഘത്തിലെ അഞ്ചുപേരാണ് രാമനാട്ടുകരയിൽ വാഹനം മറിഞ്ഞു മരിച്ചത്. കേസിലെ അറുപത്തിയെട്ടാം പ്രതിയാണ് ഇയാൾ. പിടിയിലായ ടോണി അയ്യംപുഴ പോലീസ്‌സ്റ്റേഷൻ പരിധിയിൽ കാപ്പ ചുമത്തി തൃശ്ശൂർ ജില്ലയിൽനിന്ന് നാടുകടത്തപ്പെട്ടയാളാണ്. സംഘം എത്തിയതുസംബന്ധിച്ച അന്വേഷണം വ്യാപിപ്പിച്ചു.

സംഘം വിമാനത്താവളത്തിലെത്തിയത് കള്ളക്കടത്തുസ്വർണം തട്ടാനെന്നാണു സൂചന. പോലീസ് ഉപയോഗിക്കുന്നതരം വാഹനത്തിൽ വ്യാജ നമ്പർപ്ലേറ്റും ഗവ. ഓഫ് ഇന്ത്യ സ്റ്റിക്കറും പതിച്ചാണ് സംഘമെത്തിയത്. കള്ളക്കടത്തുനടത്തുന്ന സംഘത്തിൽനിന്ന് സ്വർണം തട്ടിയെടുക്കാനുള്ള സൂത്രപ്പണിയായാണ് പോലീസ് ഇതിനെ കാണുന്നത്.

കള്ളക്കടത്തുസ്വർണം തട്ടിയെടുത്ത് പരിചയമുള്ള പ്രതികൾ അതിനായാണ് ഈ തന്ത്രമൊരുക്കിയതെന്നാണു കരുതുന്നത്. സംഘത്തലവനായ അർജുൻ ആയങ്കി ജയിലിലാണെങ്കിലും അവിടെയിരുന്നുകൊണ്ട് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. കാപ്പ ചുമത്തി നാടുകടത്തിയ ടോണിയുടെ പ്രവേശനവും പോലീസിന് പുതിയ തലവേദനയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button