ശബരിമല: മുൻകാലങ്ങളെ അപേക്ഷിച്ച് ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവ്. പ്രതിദിനം ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം അയ്യായിരത്തില്‍ നിന്ന് പതിനായിരമായി സർക്കാർ വര്‍ദ്ധിപ്പിച്ചെങ്കിലും തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവാണ് സംഭവിച്ചിരിക്കുന്നത്. സാധാരണഗതിയിൽ സന്നിധാനത്ത് ഈ കാലയളവിൽ ഭക്തരുടെ ഒരു വലിയ നിര തന്നെ കാണപ്പെടേണ്ടതായിരുന്നു.
കര്‍ക്കടകം ഒന്നിന് 1838 പേരാണ് ദര്‍ശനം നടത്തിയത്. 3865പേര്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തിരുന്നെങ്കിലും പകുതിപ്പേര്‍പോലും ദര്‍ശനത്തിന് എത്തിയില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാസപൂജയ്ക്ക് തുടക്കം കുറിച്ചതിന് തൊട്ടുപിന്നാലെ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് നടത്തിയത് തീര്‍ത്തും അശാസ്ത്രീയമായ നടപടിയാണ്. മാസപൂജയ്ക്ക് ഏറ്റവുമധികം എത്തുന്നത് അയല്‍ സംസ്ഥാനക്കാരാണ്. അതുകൊണ്ട് തന്നെ ഈ തീരുമാനം മുൻപേ ആകാമായിരുന്നുവെന്നാണ് വിമർശകർ പറയുന്നത്.
അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെല്ലാം ആശ്രയിക്കുന്നത് ട്രെയിനുകളെയും സ്വകാര്യ ബസ്സുകളെയുമാണ്. അവയൊന്നും പൂർണ്ണമായി സർവ്വീസ് നടത്താത്ത സ്ഥിതിയ്ക്ക് ആർക്കും എത്തിപ്പെടാനും കഴിയില്ല. നിലവിലെ സാഹചര്യത്തില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഇന്നലെ 40387പേര്‍ ബുക്ക് ചെയ്‌തെങ്കിലും 2822 തീര്‍ത്ഥാടകരാണ് ദര്‍ശനം നടത്തിയത്.
Post Your Comments