![](/wp-content/uploads/2021/07/1-16.jpg)
തൃശൂർ: ഇന്ന് ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും കോവിഷീല്‍ഡ് വാക്സിന്‍ വിതരണം ഉണ്ടായിരിക്കുന്നതാണ് എന്ന തൃശൂർ കളക്ടറുടെ പോസ്റ്റിനെതിരെ പൂങ്കുന്നം കൗൺസിലർ ഡോക്ടർ വി ആതിര. ആരോഗ്യ വകുപ്പ് ഇത്തരം തെറ്റിദ്ധാരണകൾ പരത്തരുത് എന്ന് ആതിര ചൂണ്ടിക്കാട്ടി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
ബഹു. കളക്ടർ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് അവരുടെ പേജിൽ ഇട്ടിരുന്നു. ഏപ്രിൽ 10 നു മുൻപ് ഫസ്റ്റ് ഡോസ് വാക്‌സിൻ എടുത്തവർക്കെല്ലാം ആരോഗ്യ കേന്ദ്രങ്ങളിൽ വാക്‌സിൻ വിതരണം ചെയ്യും എന്നായിരുന്നു പറഞ്ഞത്. ഈ ഒരു പോസ്റ്റ് വന്നത് മുതൽ ഞാൻ അടക്കമുള്ള ജനപ്രതിനിധികൾക്ക് ഫോൺ വിളികളുടെ ബഹളമാണ്. ഇതിന്റെ യാഥാർഥ്യം എന്തെന്നാൽ ജനപ്രതിനിധികൾക്ക് 10-20 നു ഇടയിൽ ഉള്ള എണ്ണം വാക്‌സിൻ മാത്രമേ കിട്ടുന്നുള്ളു എന്നതാണ്.
ജനങ്ങളുടെ ആശങ്ക ന്യായമാണ്, കളക്ടർ വാക്‌സിൻ ഉണ്ടെന്നു പറയുന്നുണ്ടല്ലോ, പിന്നെന്താ നിങ്ങൾക്ക് തരാൻ ബുദ്ധിമുട്ട് എന്നാണ് ചോദിക്കുന്നത്. ഇത്തരത്തിൽ കൃത്യമായ കാര്യങ്ങൾ ജനങ്ങൾ അറിയാതെ വരുമ്പോൾ പ്രതികൂട്ടിൽ ആകുന്നത് ഞങ്ങളാണ്. ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യത ഞങ്ങൾക്കുണ്ട്. ഇപ്പോൾ തന്നെ ഒരുപാട് പേരാണ് ഏപ്രിൽ 10 നു മുൻപ് ഫസ്റ്റ് ഡോസ് എടുത്തവരായി ഉള്ളത്. ഇതുവരെ ഫസ്റ്റ് ഡോസ് കിട്ടാത്തവർ അതിലേറെയാണ്. ദിവസവും നിശ്ചിത എണ്ണം വാക്‌സിൻ എല്ലാ ഡിവിഷനിലും ലഭ്യമാക്കിയാൽ മാത്രമേ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കൂ.
പൊതുജനങ്ങൾക്ക് തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ പുറത്തു വന്ന വാർത്ത സംബന്ധിച്ച് ബഹു. തൃശൂർ ജില്ലാ കളക്ടർ ഹരിത മാഡവുമായി സംസാരിച്ചു. നൂറു ദിവസമായിട്ടും നിരവധി പേർക്ക് രണ്ടാം ഡോസ് നൽകാൻ കഴിയാത്ത സാഹചര്യവും തെറ്റായ വാർത്ത വന്നതിനാൽ കൗൺസിലർമാരെ ജനം തെറ്റിദ്ധരിക്കാനിടയായ സാഹചര്യവും കളക്ടറെ ധരിപ്പിച്ചു. കൂടുതൽ വാക്സിൻ ദിവസേന ലഭ്യമാക്കണമെന്നും അഭ്യർത്ഥിച്ചു.ക്രിയാത്മകമായ നല്ല പ്രതികരണമാണ് പുതിയ കളക്ടറുടെ ഭാഗത്തു നിന്നും ഉണ്ടായത് .
ഡോ. വി ആതിര
കൗൺസിലർ, പൂങ്കുന്നം ഡിവിഷൻ
തൃശൂർ കളക്ടർ ഹരിതയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
തിങ്കളാഴ്ച്ച (19/07/2021) ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും കോവിഷീല്‍ഡ് വാക്സിന്‍ വിതരണം ഉണ്ടായിരിക്കുന്നതാണ്. ഏപ്രില്‍ 10 ന് മുന്‍പ് കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് രണ്ടാം ഡോസ് നല്‍കുന്നത്. ഏപ്രില്‍ 10 ന് ശേഷം ആദ്യ ഡോസ് സ്വീകരിച്ച ആരേയും ഈ കുത്തിവെപ്പിന് പരിഗണിക്കുന്നതല്ല. പ്രദേശത്തെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുമായും ആരോഗ്യകേന്ദ്രങ്ങളുമായും ബന്ധപ്പെട്ട് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. വാക്സിന്‍ കേന്ദ്രങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
ഏതെങ്കിലും വാക്സിന്‍ കേന്ദ്രത്തില്‍ ഏപ്രില്‍ 10 ന് മുന്‍പ് വാക്സിന്‍ സ്വീകരിച്ചവര്‍ ഇല്ലെങ്കില്‍ ആ സ്ഥാപനത്തിലെ മുഴുവന്‍ ഡോസും ആദ്യ ഡോസായി നല്‍കുന്നതാണ്. ആദ്യ ഡോസ് വാക്സിനുളള ഓണ്‍ലൈന്‍ സ്ലോട്ട് ബുക്കിങ്ങ് നാളെ (18/07/2021) ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ ലഭ്യമാകുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
Post Your Comments