
സംസ്ഥാനത്ത് ഭീതി പടർത്തി അഞ്ചാംപനി. പ്രധാനമായും കുട്ടികൾക്കിടയിലാണ് രോഗവ്യാപനം കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ചാംപനിയെ തുടർന്ന് രണ്ട് കുട്ടികളാണ് മലപ്പുറത്ത് മരിച്ചത്. അതേസമയം, ഈ വർഷം ഇതുവരെ നാല് അഞ്ചാം പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്ത് മരിച്ച രണ്ട് കുട്ടികളും പ്രതിരോധ വാക്സിൻ എടുത്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 2,362 കുട്ടികൾക്കാണ് പനി ബാധിച്ചിട്ടുള്ളത്. ഇതിൽ 660 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗപ്രതിരോധത്തിനായി വാക്സിൻ യജ്ഞം ആരംഭിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പ് എല്ലാ കുട്ടികളിലേക്കും എത്തിക്കാൻ ‘മിഷൻ ഇന്ദ്രധനുഷ് 5.0’ എന്ന പേരിലാണ് യജ്ഞം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 7 മുതൽ 12 വരെ ആദ്യ ഘട്ടവും, സെപ്റ്റംബർ 11 മുതൽ രണ്ടാം ഘട്ടവും, ഒക്ടോബർ 9 മുതൽ 14 വരെ മൂന്നാം ഘട്ടവും വാക്സിനേഷൻ നടപടികൾ നടത്തുന്നതാണ്. വാക്സിനേഷൻ കണക്കുകളിൽ പിറകിൽ നിൽക്കുന്ന ജില്ലകൾക്ക് പ്രത്യേക ഊന്നൽ നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്.
Post Your Comments