കാബൂൾ: താലിബാനെ പാകിസ്ഥാൻ രഹസ്യമായി സഹായിക്കുന്നുണ്ടെന്ന് ആരോപിച്ച് അഫ്ഗാനിസ്ഥാൻ ഉപരാഷ്ട്രപതി അമ്രുള്ള സാലിഹ് രംഗത്ത്. ചില പ്രദേശങ്ങളിൽ താലിബാന് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുന്നത് പാകിസ്ഥാൻ ആണെന്നാണ് സാലിഹ് ആരോപിക്കുന്നത്. ഇസ്ലാമിക മതമൗലികവാദ സംഘടനയ്ക്ക് പാകിസ്ഥാൻ എയർഫോഴ്സ് ശക്തമായ പിന്തുണ നൽകുന്നുവെന്ന് സാലിഹ് വ്യക്തമാക്കുന്നു.
താലിബാനെ അതിർത്തി പ്രദേശത്ത് നിന്നും പുറത്താക്കാനുള്ള ഏതൊരു നീക്കത്തെയും ശക്തമായി എതിർക്കുമെന്ന് പാകിസ്ഥാൻ വ്യോമസേന അഫ്ഗാൻ സൈന്യത്തിനും വ്യോമസേനയ്ക്കും മുന്നറിയിപ്പ് നൽകിയെന്നാണ് സാലിഹ് ചൂണ്ടിക്കാണിക്കുന്നത്. ചില ഇടങ്ങളിൽ പാകിസ്ഥാൻ വ്യോമസേന താലിബാൻ തീവ്രവാദികൾക്ക് ആവശ്യമായ സഹായം നൽകുന്നുണ്ടെന്നും സാലിഹ് ട്വീറ്റ് ചെയ്തു. പാകിസ്ഥാൻ താലിബാനെ സഹായിക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമുള്ളവർക്ക് തെളിവുകൾ നൽകാമെന്നും അദ്ദേഹം പറയുന്നു.
അതേസമയം, അഫ്‌ഗാനിലെ ചില ഇടങ്ങൾ ഇതിനോടകം താലിബാൻ നിയന്ത്രണത്തിലാക്കി കഴിഞ്ഞു. ഇവിടങ്ങളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കാനൊരുങ്ങുകയാണ് താലിബാൻ തീവ്രവാദികൾ. അമേരിക്കൻ സൈന്യം പൂർണ്ണമായും പിന്മാറിയതിനു പിന്നാലെയാണ് തീവ്രവാദികൾ ഇവിടം പിടിച്ചടക്കിയത്. സ്ഥലത്തെ പ്രാദേശിക നേതാവിന് നൽകിയ ഉത്തരവിൽ ’15 വയസ്സിന് മുകളിലുള്ള പെൺകുട്ടികളുടെയും 45 വയസ്സിന് താഴെയുള്ള വിധവകളുടെയും പട്ടിക ഉടൻ നൽകണമെന്നും ഇവർ താലിബാൻ പോരാളികളുമായി വിവാഹം കഴിക്കണം’ എന്നും വ്യക്തമാക്കുന്നുണ്ട്.
Also Read:‘ഒട്ടും നന്നായിട്ടില്ല, പരമ ദയനീയം’: മാലികിനെ കുറിച്ച് സന്ദീപ് വാര്യർ
താലിബാന്റെ അധീനതയിലായ പ്രദേശങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെ അവസ്ഥ ദുരിതത്തിലാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഗ്രാമീണർ അവരുടെ പെൺമക്കളെയും വിധവകളെയും താലിബാൻ സംഘത്തിന് വിവാഹം കഴിപ്പിച്ച് നൽകണമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ഇത്തരം ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കാൻ പാകത്തിൽ താലിബാന് പാകിസ്ഥാൻ സഹായം നൽകിയെന്നാണ് ഉയരുന്ന ആരോപണം.
നേരത്തെ, മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷും സമാനമായ സംശയം പ്രകടിപ്പിച്ചിരുന്നു. അമേരിക്കൻ സൈന്യം പൂർണ്ണമായും പിന്മാറിയത് ശരിയായില്ലെന്നും താലിബാന് കീഴിൽ അഫ്ഗാൻ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നരകതുല്യമായിരിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചിരുന്നു.
Post Your Comments