കൊച്ചി: മതം തനിക്ക് കൺസേൺ ആയിരുന്നില്ലെന്ന് നടി റിമ കല്ലിങ്കൽ. എട്ട് വർഷങ്ങൾക്ക് മുൻപ് നടന്ന തന്റെ ലളിത വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. സംവിധായകൻ ആഷിഖ് അബുവുമായി വളരെ ലളിതമായി നടന്ന റിമയുടെ വിവാഹം അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സ്വന്തം സമ്പാദ്യത്തില്‍ നിന്ന് വിവാഹം കഴിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും ലളിതമായ വിവാഹം നടന്നത് എങ്ങനെയാണെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ് റിമ.
‘പതിനെട്ടോ പത്തൊന്‍മ്പതോ വയസ്സുള്ളപ്പോഴാണ് ഞാന്‍ പണം സമ്പാദിച്ച് തുടങ്ങുന്നത്. ക്രൈസ്റ്റ് കോളേജിന്റെ കള്‍ചറല്‍ ടീമിന്റെ ഭാഗമായുള്ള പ്രകടനത്തിന് കിട്ടിയ സമ്മാനത്തുകയായിരുന്നു ആദ്യത്തെ വരുമാനം. അന്നുമുതല്‍ എന്റെ ആവശ്യങ്ങള്‍ക്ക് ഞാന്‍ തന്നെ പണം കണ്ടെത്തണം എന്ന ചിന്ത എനിക്കുണ്ടായിരുന്നു. കല്യാണവും അങ്ങനെ വേണമെന്ന് എനിക്കുണ്ടായിരുന്നു. എന്നെ ഞാനാക്കിയ എന്റെ ജീവിതവും ചിന്തകളും അനുഭവങ്ങളുമെല്ലാം അച്ഛന്റെയും അമ്മയുടെയും സമ്മാനമാണ്. ഭംഗിക്ക് വേണ്ടി കല്ല്യാണത്തിന് ആഭരണങ്ങള്‍ ഉപയോഗിക്കുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍ ഭാരം കൊണ്ട് നടക്കാനാവാത്ത വിധം ആഭരണങ്ങള്‍ കുത്തിനിറക്കുന്നതിനോട് താല്‍പര്യമില്ല’- റിമ കൂട്ടിച്ചേര്‍ത്തു.
‘ഞാൻ എന്റെ അമ്മയെ കുറ്റപ്പെടുത്താൻ പറഞ്ഞതല്ല. എനിക്ക് മാത്രമല്ല എന്റെ അമ്മയ്ക്കും പൊരിച്ച മീന്‍ കിട്ടിയിട്ടില്ല, ഈ രീതി മാറണം എന്നാണ് എനിക്ക് പറയാനുള്ളത്. പെണ്ണായതിന്റെ പേരില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥിതിക്ക് മാറ്റം വരണം. സമത്വം വേണം, അത് വീട്ടില്‍ നിന്നു തന്നെ തുടങ്ങണം’- റിമ വ്യക്തമാക്കുന്നു. പെണ്‍കുട്ടികള്‍ എല്ലാം സഹിക്കണമെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന സമൂഹം കാരണം ബുദ്ധിമുട്ടുന്നത് സ്ത്രീകള്‍ തന്നെയാണെന്ന് പറയുകയാണ് നടി. സ്ത്രീകൾക്ക് നേരെ നമ്മുടെ ചുറ്റിനുമുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ എല്ലാവരും നിലകൊള്ളണമെന്നാണ് താരം പറയുന്നത്.
‘പെണ്‍കുട്ടികളുടെ വീട്ടുകാരോടും സമൂഹത്തോടും എനിക്ക് പറയാനുണ്ട്. നിങ്ങളുടെ സ്വത്ത്, സമ്പത്ത്, കുടുംബമഹിമ, അഭിമാനം എന്നിവയൊക്കെ ചുമക്കാനുള്ളവരല്ല പെണ്‍കുട്ടികള്‍. പെണ്‍കുട്ടി ജനിച്ച ദിവസം മുതല്‍ മരിക്കുന്നത് വരെ അവള്‍ എങ്ങനെ ജീവിക്കണം എന്നത് അവളില്‍ അടിച്ചേല്‍പ്പിക്കാതെ അവരെ വെറുതെ വിട്ടാല്‍ മാത്രം മതി. പെമ്പിള്ളേര്‍ അടിപൊളിയാണ്. അവര്‍ എങ്ങനെയാണോ അങ്ങനെ തന്നെ അവര്‍ അടിപൊളിയാണ്. അവരെ അവരുടെ വഴിക്ക് വിട്ടാല്‍ മതി. ബാക്കി അവര്‍ തന്നെ നോക്കിക്കോളും’- റിമ പറയുന്നു.
Post Your Comments