
പാലക്കാട്: ഗാർഹിക പീഡനത്തെ തുടർന്ന് ഭർത്താവിന്റെ വീട്ടിലെ സിറ്റൗട്ടിൽ താമസമാക്കിയ യുവതിക്കും കുഞ്ഞിനും സംരക്ഷണം നൽകാൻ വനിതാ കമ്മിഷൻ നിർദേശിച്ചു. പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് യുവതിയെ വിളിച്ച് വിവരങ്ങൾ ആരാഞ്ഞ വനിതാ കമ്മിഷൻ അംഗം ഷിജി ശിവജി യുവതിക്ക് സംരക്ഷണം നൽകാൻ ഹേമാംബിക നഗർ പൊലീസിനും വനിതാ പ്രൊട്ടക്‌ഷൻ ഓഫിസർക്കും നിർദേശം നൽകുകയായിരുന്നു. ശ്രുതിക്കും കുഞ്ഞിനും സംരക്ഷണം നൽകാൻ കോടതി നിർദേശവുമുണ്ട്.
ഭർത്താവ് വീട്ടിൽ കയറ്റാത്തതിനെ തുടർന്ന് പത്തനംതിട്ട സ്വദേശി ശ്രുതിയും (24) 3 മാസം പ്രായമുള്ള പെൺകുഞ്ഞുമാണ് ദിവസങ്ങളായി പാലക്കാട് ധോണിയിൽ ഭർതൃവീടിന്റെ സിറ്റൗട്ടിൽ താമസിക്കുന്നത്. നേരത്തെ, ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തിരുന്ന ശ്രുതിയുടെ ഭർത്താവ് മനു കൃഷ്ണനെതിരെ മാനസിക പീഡനത്തിന് മറ്റൊരു കേസ് കൂടി പൊലീസ് റജിസ്റ്റർ ചെയ്തു.
കുഞ്ഞുമായി ഭർതൃ വീട്ടിലേക്ക് എത്തുന്ന വിവരമറിഞ്ഞ് ഭർത്താവ് വീടു പൂട്ടിപ്പോയെന്നാണ് ശ്രുതിയുടെ പരാതി. ജൂലൈ ഒന്നിനാണു പത്തനംതിട്ടയിലെ സ്വന്തം വീട്ടിൽ നിന്നും യുവതി ഭർത്താവിന്റെ വീട്ടിലെത്തിയത്. സമീപത്തെ വീടുകളിൽ കഴിഞ്ഞ ശ്രുതിയും കുഞ്ഞും പിന്നീട് ഭർതൃ വീടിന്റെ സിറ്റൗട്ടിലേക്ക് താമസം മാറുകയായിരുന്നു.
Post Your Comments