ലണ്ടൻ: മൂന്നാം ഏകദിനത്തിലും പാകിസ്താനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. 12 പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റാനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. പാകിസ്താൻ ഉയർത്തിയ 332 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 48 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച പാകിസ്താൻ ബാബർ അസമിന്റെ സെഞ്ച്വറി മികവിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 331 റൺസ് നേടി.
139 പന്തിൽ 158 റൺസ് അടിച്ചെടുത്ത ബാബർ അസമിന് 56 റൺസുമായി ഓപ്പണർ ഇമാമുൽ ഹഖ് പിന്തുണ നൽകി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് അസമിന്റെ സെഞ്ച്വറിക്ക് ജെയിംസ് വിൻസിയിലൂടെയും ലൂയിസ് ഗ്രിഗറിയിലൂടെയും മറുപടി നൽകുകയായിരുന്നു. വിൻസി 95 പന്തിൽ 11 ഫോറിന്റെ സഹായത്തോടെ സെഞ്ച്വറി (102) നേടിയപ്പോൾ ഗ്രിഗറി 69 പന്തിൽ 77 റൺസ് നേടി.
Read Also:- ആറ് അന്താരാഷ്ട്ര ഇവന്റുകളുടെ ആതിഥേയത്വം: പാകിസ്ഥാന് പിന്തുണയുമായി ബംഗ്ലാദേശ്
ഒരു ഘട്ടത്തിൽ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ പാക് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച് വിൻസിയും ഗ്രിഗറിയും ഇംഗ്ലണ്ടിന്റെ ജയം അനായാസമാക്കി. നേരത്തെ ആദ്യ രണ്ട് ഏകദിനങ്ങളിലും ഇംഗ്ലണ്ട് വിജയിച്ചിരുന്നു. പാകിസ്താനെതിരെ ഇംഗ്ലണ്ട് രണ്ടാം നിര ടീമിനെയാണ് കളത്തിലിറക്കിയത്.
Post Your Comments