Latest NewsKerala

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ വിവാദം: ശുദ്ധീകരണം ആരംഭിച്ച് സിപിഎം, പിഎം മനോജിന്റെ സഹോദരനെ പാർട്ടി സ്ഥാനത്തു നിന്നും നീക്കി

മനോജിന്റെ മറ്റൊരു സഹോദരനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു.

കണ്ണൂര്‍: സ്വര്‍ണക്കടത്ത് -ക്വട്ടേഷന്‍ വിവാദത്തില്‍ അച്ചടക്ക നടപടിയുമായി സി.പി. എം കണ്ണൂര്‍ ജില്ലാ നേതൃത്വം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ സഹോദരനായ സി.പി. എം ലോക്കല്‍ സെക്രട്ടറിയെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരനെയാണ് മാറ്റിയതെന്നാണ് റിപ്പോർട്ട്. സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചയായി മാറിയായ കൂത്തുപറമ്പ് ഏരിയാകമ്മിറ്റിക്ക് കീഴിലുള്ള കൂത്തുപറമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റിക്കെതിരെയാണ് നടപടിയെടുത്തത്.

ഇതുകൂടാതെ ഏരിയാകമ്മിറ്റി അംഗമായ പ്രമുഖ നേതാവിനെയും ഒഴിവാക്കിയിട്ടുണ്ട്. ക്വട്ടേഷന്‍- സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കപ്പെടുന്ന കൂത്തുപറമ്പ് പഴയനിരത്ത് ഉള്‍പ്പെടുന്ന പ്രദേശമാണ് കൂത്തുപറമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി. സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ വിവാദവും അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി ബന്ധങ്ങളും സി.പി. എമ്മിനെതിരെ രാഷ്ട്രീയ ആരോപണമായി ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം നടപടിയെടുക്കാന്‍ തീരുമാനിച്ചത്.

ഇതേ തുടര്‍ന്നാണ് കൂത്തുപറമ്പ് വെസ്റ്റ് ലോക്കല്‍ സെക്രട്ടറി പി. എം മധുസൂദനന്‍, കൂത്തുപറമ്പ് ഏരിയാകമ്മിറ്റിയംഗം എം. സുകുമാരന്‍ എന്നിവരെ അന്വേഷണ വിധേയമായി നീക്കം ചെയ്തത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരനാണ് പിഎം മധുസൂദനന്‍. മധുസൂദനനെ മാറ്റിയത് മനോരമ അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വി.രാജീവനാണ് പുതിയ ലോക്കല്‍സെക്രട്ടറി.

മനോജിന്റെ മറ്റൊരു സഹോദരനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം കണ്ണൂര്‍ ജില്ലയിലെ ചില ഉന്നത നേതാക്കള്‍ക്ക് സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ ബന്ധമുണ്ടെന്ന് സി.പി. എം കണ്ണൂര്‍ ജില്ലാ നേതൃത്വം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ചില സ്വര്‍ണക്കടത്ത് – കുഴല്‍പ്പണ മധ്യസ്ഥങ്ങളില്‍ ഉന്നത നേതാവ് വിലപേശിയിരുന്നതായും വിവരമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button