ന്യൂഡല്‍ഹി: നാടകീയ നീക്കങ്ങള്‍ക്കു സാക്ഷ്യം വഹിച്ച നേപ്പാളില്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ തീരുമാനം റദ്ദാക്കിയ സുപ്രീം കോടതി, സഭ പുനഃസ്‌ഥാപിക്കാനും ഉത്തരവിട്ടു. പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസ് നേതാവ് ഷേര്‍ ബഹാദൂര്‍ ദൂബയെ പ്രധാനമന്ത്രിയായി നിയമിക്കാന്‍ നേപ്പാള്‍ പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
മേയ് 24ന് നടന്ന തെരഞ്ഞെടുപ്പു പ്രക്രിയയില്‍ ഭൂരിപക്ഷം തെളിയിച്ച ദൂബയെ ഇന്നു വൈകിട്ടോടെ പ്രധാനമന്ത്രിയായി നിയമിക്കണമെന്നാണ് കോടതി ഉത്തരവ്. പ്രധാനമന്ത്രി ഒലിയുടെ ശിപാര്‍ശയെത്തുടര്‍ന്ന് ജനപ്രതിനിധിസഭ പിരിച്ചുവിടാനുള്ള പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയുടെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്ന് ചീഫ് ജസ്‌റ്റിസ് ചോലേന്ദ്ര സുഷ്‌മര്‍ റാണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിലയിരുത്തി.
ജൂലൈ 18ന് പുനഃസ്‌ഥാപിച്ച സഭയുടെ ആദ്യസമ്മേളനം വിളിക്കണമെന്നും ഉത്തരവിലുണ്ട്. ഒലിയുടെ ഭരണകാലത്ത് ഇതുരണ്ടാം തവണയാണ് പിരിച്ചുവിട്ട നടപടി റദ്ദാക്കി സഭ പുനഃസ്‌ഥാപിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുന്നത്. മേയ് 21നാണ് പ്രധാനമന്ത്രി ഒലി സഭ പിരിച്ചുവിടുന്നത്. 2020 ഡിസംബര്‍ 20നും ഒലി സഭ പിരിച്ചുവിട്ടുവെങ്കിലും ഈ വര്‍ഷം ഫെബ്രുവരി 25ന് സുപ്രീം കോടതി തീരുമാനം റദ്ദാക്കിയിരുന്നു.
Post Your Comments