
കാഠ്മണ്ഡു: നേപ്പാള്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കെ.പി ശര്‍മ ഒലി രാജിവച്ച ഒഴിവിലേക്ക് നേപ്പാളിലെ പുതിയ പ്രധാനമന്ത്രിയായി ഷേര്‍ ബഹദുര്‍ ദുബെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുതിയ കോടതി ഉത്തരവ് പ്രകാരം ജൂലായ് 18നകം പാര്‍ലമെന്‍റ് സമ്മേളനം വിളിച്ചുചേര്‍ക്കണം. അധികാരമേറ്റ് 30 ദിവസത്തിനുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് പ്രസിഡന്റ് ഷേര്‍ ബഹാദുര്‍ ദുബെയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 6 മണിക്ക് നടത്താനിരുന്ന ചടങ്ങ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 2 മണിക്കൂര്‍ വൈകിയാണ് നടത്തിയത്.
തന്റെ നിയമന ഉത്തരവില്‍ ഭരണഘടനയുടെ ഏത് അനുച്ഛേദ പ്രകാരമാണ് പ്രധാനമന്ത്രിയായി നിയമിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ദുബെ സത്യപ്രതിജ്ഞ ചെയ്യാന്‍ ആദ്യം വിസമ്മതിച്ചത്.പിന്നീട് പ്രസിഡന്റിന്റെ ഓഫീസ് പുതുക്കിയ നിയമന ഉത്തരവ് നല്കിയ ശേഷം അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയായിരുന്നു.
പാര്‍ലമെന്റ് പിരിച്ചു വിടുകയും കെ.പി ഒലിയെ ഇടക്കാല പ്രധാനമന്ത്രിയായി തുടരാനനുവദിക്കുകയും ചെയ്ത പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയുടെ നടപടി ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. 24 മണിക്കൂറിനകം ബഹദുര്‍ ദുബെയെ പ്രധാനമന്ത്രിയായി നിയമിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് ചോലേന്ദ്ര ശുംശര്‍ റാണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റേതാണ് വിധി.
ഇതിനെ തുടര്‍ന്ന് പ്രസിഡന്റ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 76(5) പ്രകാരം നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റ് ഷേര്‍ ബഹദുര്‍ ദുബെ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെയാണ് നിയമനത്തിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ദുബെ സത്യപ്രതിജ്ഞയ്ക്ക് വിസമ്മതിച്ചത്. ഇതിന് മുന്‍പ് നാല് തവണ 75 കാരനായ ദുബെ നേപ്പാള്‍ പ്രധാനമന്ത്രിപദം വഹിച്ചിട്ടുണ്ട്
Post Your Comments