ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ഇന്ത്യയിലെ അഫ്ഗാൻ അംബാസിഡർ ഫരീദ് മാമുണ്ട്സെ. താലിബാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ ഇന്ത്യൻ സേനയുടെ സഹായം പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പരിശീലനം, സാങ്കേതിക സഹായം തുടങ്ങിയവയാണ് ഇന്ത്യയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘അഫ്ഗാനിസ്താന്റെ മൂന്നിലൊന്ന് ഭാഗവും നിലവിൽ പോരാട്ടത്തിലാണ്. രണ്ട് ലക്ഷത്തിലധികം പേരാണ് പലായനം ചെയ്തത്. നാലായിരത്തിലേറെ പേർ കൊല്ലപ്പെട്ടു. രാജ്യത്തെ 376 ജില്ലകളിൽ 150-ഉം ഇപ്പോൾ പ്രശ്നബാധിത പ്രദേശങ്ങളാണ്. അഫ്ഗാനിസ്ഥാനിലെ വടക്കൻ ഭാഗങ്ങളിൽ പലയിടവും കലാപകാരികൾ പിടിച്ചടക്കിയിരിക്കുകയാണെന്നും’ അദ്ദേഹം അറിയിച്ചു.
യുഎസ് സൈന്യം പിന്മാറാൻ ആരംഭിച്ചതോടെയാണ് അഫ്ഗാനിസ്താനിൽ പ്രശ്‌നങ്ങൾ രൂക്ഷമാകാൻ തുടങ്ങിയത്. ഓഗസ്റ്റ് അവസാനത്തോടെ യു.എസ് സൈന്യത്തെ പൂർണ്ണമായും അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കാനാണ് അമേരിക്ക പദ്ധതിയിട്ടിരിക്കുന്നത്. യുഎസ് സൈന്യത്തിന്റെ പിന്മാറ്റത്തോടെ അഫ്ഗാൻ പൂർണ്ണമായും പിടിച്ചടക്കാനാണ് താലിബാൻ ലക്ഷ്യമിടുന്നത്. നിലവിൽ അഫ്ഗാന്റെ ഭൂരിഭാഗം പ്രദേശങ്ങളും താലിബാൻ കയ്യടക്കിയതായാണ് റിപ്പോർട്ടുകൾ. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം ഇന്ത്യ തിരിച്ചു വിളിച്ചിരുന്നതായുള്ള വാർത്തകളും പുറത്തു വന്നിരുന്നു.
Read Also: രജിത് കുമാർ സിനിമയിൽ വരാതിരിക്കാൻ താനാണ് മുട്ടയിൽ കൂടോത്രം ചെയ്തതെന്ന് ജസ്‌ല മാടശ്ശേരി
Post Your Comments