ന്യൂഡല്‍ഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് മൂന്നാം തരംഗം വന്ന് കഴിഞ്ഞെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്നാം തരംഗത്തിന്റെ ലക്ഷണങ്ങള്‍ ഇതിനകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടമായിത്തുടങ്ങിയിട്ടുണ്ടെന്നാണ് നീതി ആയോഗ് അംഗം ഡോ. വികെ പോള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഓരോ ദിവസവും 3.9 ലക്ഷം പുതിയ കൊവിഡ് കേസുകളാണ് ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്: രാജസ്ഥാൻ അതിർത്തി മേഖലകളിൽ കർശന നിയന്ത്രണം
ഈ വര്‍ഷം ആദ്യത്തോടെയുണ്ടായ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ആഗോളതലത്തില്‍ ഒന്‍പത് ലക്ഷത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നാഷണല്‍ എക്‌സ്‌പെര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ കോവിഡ് -19 (എന്‍ഇജിവിസി) ചെയര്‍മാന്‍ കൂടിയാണ് ഡോ. വികെ പോള്‍. ഇന്ത്യയെ മൂന്നാം തരംഗം എപ്പോള്‍ ബാധിക്കുമെന്ന് ചര്‍ച്ച ചെയ്യുന്നതിനുപകരം മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി മോദി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ ഘട്ടത്തില്‍ അശ്രദ്ധ സംഭവിച്ചാല്‍ കേസുകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.
മെയ് 5 നും മെയ് 11 നും ഇടയില്‍ ശരാശരി പുതിയ കേസുകള്‍ 3,87,029 ല്‍ നിന്ന് ജൂലൈ 7 നും ജൂലൈ 13 നും ഇടയില്‍ 40,841 ആയി കുറഞ്ഞിട്ടുണ്ടെന്നാണ് ചൊവ്വാഴ്ച ഇതേ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ചട്ടങ്ങളുടെ ലംഘനങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments