ക്യൂബ: കൊറോണ വൈറസ് പകർച്ചവ്യാധിയും സാമ്പത്തിക പ്രതിസന്ധിയും മൂലം വലയുന്ന ക്യൂബയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. ഇതിനു മുൻപ് കാണാത്തതു പോലെയുള്ള സംഭവങ്ങളാണ് ഇപ്പോൾ ഉള്ളതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ചില പ്രകടനക്കാർ ‘സ്വേച്ഛാധിപത്യക്കാർ ഇറങ്ങുക’ എന്നും ‘ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം’ എന്നും ആക്രോശിക്കുന്നു. അൽ ജസീറയും റോയിട്ടേഴ്സും ഉൾപ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ആഹാരത്തിനും വാക്സിനേഷനും വേണ്ടിയാണ് ജനത തെരുവിൽ ഇറങ്ങിയതെന്നാണ് സൂചന.
ഹവാനയുടെ തെക്കുപടിഞ്ഞാറായി 50,000 ത്തോളം ആളുകൾ താമസിക്കുന്ന സാൻ അന്റോണിയോ ഡി ലോസ് ബാനോസിൽ ഞായറാഴ്ച നടന്ന പ്രതിഷേധത്തിൽ പ്രധാനമായും യുവാക്കൾ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനലിനെതിരെ മുദ്രാവാക്യം വിളിച്ചുവെന്ന് ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ പറയുന്നു. ‘ഞങ്ങൾ ഭയപ്പെടുന്നില്ല,’ ചിലർ പറഞ്ഞു. പ്രധാനമായും ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യങ്ങളിൽ ഉള്ള നിരാശയാണ് അവർ പ്രകടിപ്പിക്കുന്നത്.
കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗത കുറഞ്ഞതും ജനങ്ങളോടുള്ള സർക്കാർ അവഗണനയുമാണ് യുവാക്കൾ ചൂണ്ടിക്കാണിക്കുന്നത്. പോലീസ് പ്രതിഷേധക്കാർക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും മറ്റുള്ളവരെ ബാറ്റൺ കൊണ്ട് അടിക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ടർ സാക്ഷ്യപെടുത്തുന്നു. എന്നാൽ ‘സ്വാതന്ത്ര്യം വേണം ‘ എന്ന് ചൊല്ലുന്ന ആയിരക്കണക്കിന് ആളുകൾ നഗരമധ്യത്തിൽ ഒത്തുകൂടി മാർച്ച് ചെയ്യുമ്പോൾ പോലീസും നേരിട്ട് നേരിടാൻ ശ്രമിച്ചില്ല.
‘ഡയസ്-കാനൽ പടിയിറങ്ങുക’ എന്ന അവരുടെ ആക്രോശം ‘ഫിഡൽ’ എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച സർക്കാർ അനുയായികളുടെ ഗ്രൂപ്പുകളെ മുക്കിക്കൊന്നു. കൊറോണ വാക്സിനും മരുന്നുകളും ആഹാരവും ആവശ്യപ്പെട്ടാണ് ഇവരുടെ പ്രതിഷേധം.
Post Your Comments