ഹവാന: ക്യൂബയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. രാജ്യത്തെ പ്രധാന പവര്‍ പ്ലാന്റുകളിലൊന്ന് തകരാറിലായതിനെ തുടര്‍ന്നാണ് ക്യൂബ ഇരുട്ടിലായത്. ജലവിതരണം പോലെയുള്ള സേവനങ്ങള്‍ക്ക് പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വൈദ്യുതിയെ ആശ്രയിക്കുന്നതിനാല്‍ വൈദ്യുതി മുടങ്ങിയത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
ഭക്ഷണം മോശമാകുന്നതിന് മുമ്പ് ആളുകള്‍ തെരുവുകളില്‍ വിറക് അടുപ്പുകള്‍ ഉപയോഗിച്ച് പാചകം ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്. ക്യൂബയിലെ പലയിടങ്ങളിലും സ്‌കൂളുകളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചില സ്ഥാപനങ്ങളും താല്‍ക്കാലികമായി അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി നേരിടാനായി അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
20 ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ അധികാരികള്‍ ചില മേഖലകളില്‍ നേരിയ രീതിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചതായാണ് റിപ്പോര്‍ട്ട്. എങ്കിലും ഹവാനയുടെ ഭൂരിഭാഗവും ഇപ്പോഴും ഇരുട്ടിലാണ്.
ഹവാനയുടെ കിഴക്ക് മാറ്റാന്‍സാസ് പ്രവിശ്യയിലെ അന്റണിയോ ഗ്വിറ്ററസ് തെര്‍മോ പവര്‍ പ്ലാന്റിലുണ്ടായ തകരാറാണ് ക്യൂബയെ ഇരുട്ടിലാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഇന്നും ക്യൂബയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു.
Post Your Comments