തിരുവനന്തപുരം: ജെ.സി.ബി ഉപയോഗിച്ച് വീട് അക്രമിച്ച് ബ്ലേഡ് മാഫിയാ സംഘം. വിഴിഞ്ഞം കോളിയൂരിലാണ് സംഭവം. കോളിയൂർ ജംഗ്ഷനു സമീപം താമസിക്കുന്ന മിനിയുടെ വീടാണ് ആക്രമിക്കപ്പെട്ടത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അക്രമണം.
അക്രമികൾ വീടിന്റെ ചുറ്റുമതിൽ തകർത്തു. ഒടുവിൽ നാട്ടുകാരാണ് അക്രമികളെ പിടികൂടിയത്. പലിശയ്ക്ക് എടുത്ത പണം തിരികെ നൽകാത്തതിനെ തുടർന്നായിരുന്നു ബ്ലേഡ് മാഫിയാ സംഘത്തിന്റെ അതിക്രമം. വർഷങ്ങൾക്ക് മുൻപ് മിനി ഒന്നര ലക്ഷം രൂപ പലിശയ്ക്ക് എടുത്തിരുന്നു. ഇതിൽ 60,000 രൂപ തിരികെ അടച്ചിരുന്നു. ബാക്കി തുകയും പലിശയുമടക്കം 91,000 രൂപ മടക്കി നൽകാത്തതിനെ തുടർന്ന് കേസ് കോടതിയിലെത്തി. പിന്നീട് മിനിയും മകളും വീടിന് സമീപമുള്ള ഷെഡ്ഡിലേക്ക് താമസം മാറി. ഷെഡ്ഡിലെ താമസം സുരക്ഷിതമല്ലാത്തതിനാൽ മിനിയുടെ സഹോദരിയുടെ വീട്ടിലാണ് ഇപ്പോൾ ഇവർ കഴിയുന്നത്.
ഇതിനിടെയാണ് ബ്ലേഡ് മാഫിയ സംഘം വീട് ആക്രമിച്ചത്. വീടും സ്ഥലവും തന്റെ പേരിലാണെന്നും അതിനാലാണ് താൻ വീട് പൊളിക്കാനെത്തിയതെന്നുമാണ് പലിശയ്ക്ക് പണം നൽകിയ വ്യക്തിയുടെ വിശദീകരണം.
Post Your Comments