
മലപ്പുറം: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ കാലിക്കറ്റ് യൂനിവേഴ്സിറ്റി അധ്യാപകന്‍ ഡോ ഹാരിസിനെതിരെ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അധ്യാപകനെ കോളജിൽ നിന്നും സസ്പെന്റ് ചെയ്തു. ഇംഗ്ലീഷ് വിഭാഗത്തിലെ ഗവേഷണ വിദ്യാർഥിയുടെ പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. നിലവിലെ പരാതിക്കാരിയെ കൂടാതെ മറ്റു പെൺകുട്ടികളെയും ഇയാൾ സമാനരീതിയിൽ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പുതിയ റിപ്പോർട്ട്. അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് എം.എസ്.എഫ് രംഗത്തെത്തി.
മുമ്പ് കോച്ചിംഗ് സെന്റർ നടത്തിയിരുന്ന വിവാഹമോചിതനായ ഇയാൾ വിദ്യാർത്ഥിനികളിൽ നിന്നും ലൈംഗിക സഹകരണം ആവശ്യപ്പെട്ടിരുന്നതായി എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. കെ.തൊഹാനി വെളിപ്പെടുത്തി. നിരവധി വിദ്യാര്‍ത്ഥിനികളെ ഇത്തരത്തിൽ ഇയാൾ ലൈംഗികമായി പീഢിപ്പിച്ചതായാണ് വിവരമെന്നും ഇയാളുമായി വിവാഹം കഴിക്കാൻ വേണ്ടി ഡിവോഴ്സ് ആയവർ വരെ കൂട്ടത്തിലുണ്ട് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും തൊഹാനി ഫേസ്‌ബുക്കിൽ കുറിച്ചു.
തൊഹാനിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഹാരിസ് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായും മാനസികമായും ചൂഷണം ചെയ്യുന്നതിനെകുറിച്ച് അറിഞ്ഞ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. മുമ്പ് കോച്ചിംഗ് സെന്റർ നടത്തിയിരുന്ന വിവാഹമോചിതനായ ഇയാൾ വിദ്യാർത്ഥിനികളിൽ നിന്നും Sexual Favors ആവശ്യപ്പെടുകയും അവരെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അക്കാദമിക സഹായം വാഗ്ദാനം ചെയ്താണ് ഇയാൾ ആദ്യം വിദ്യാര്‍ത്ഥിനികളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ആ ബന്ധം പിന്നീട് ദൃഢമാക്കുകയും അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയുമാണ് പതിവ്.
നിരവധി വിദ്യാര്‍ത്ഥിനികളെ ഇത്തരത്തിൽ ഇയാൾ ലൈംഗികമായി പീഢിപ്പിച്ചതായാണ് വിവരം. വിവാഹ വാഗ്ദാനം ചെയ്തും ഇയാൾ പീഢിപ്പിച്ചതായി അറിയുന്നു. ആത്മാര്‍ത്ഥമായ സ്നേഹമാണെന്നും തങ്ങളോട് മാത്രമാണ് ഇങ്ങനെ ഇടപഴകുന്നതെന്നും ഓരോ ഇരകളെയും ഹാരിസ് വിശ്വസിപ്പിച്ചു. ഇയാളുമായി വിവാഹം കഴിക്കാൻ വേണ്ടി ഡിവോഴ്സ് ആയവർ വരെ കൂട്ടത്തിലുണ്ട് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. വിദ്യാര്‍ത്ഥിനികളുടെ നിസ്സഹായാവസ്ഥകളെ ചൂഷണം ചെയ്യുന്ന ഇത്തരം ക്രിമിനലുകൾ അദ്ധ്യാപക സമുഹത്തിന് തന്നെ അപമാനകരമാണ്. നിരവധി വിദ്യാര്‍ത്ഥിനികൾ ഇയാളുടെ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് അറിയുന്നു. പുറത്തു പറയാതിരിക്കാൻ ഇരയാക്കപ്പെട്ട വിദ്യാര്‍ത്ഥിനികളുടെ അടുത്തിടപഴകുന്ന ചിത്രങ്ങളും അയാൾ സൂക്ഷിക്കുന്നുണ്ടത്രേ.
ഒരു സസ്പെൻഷൻ നാടകം കൊണ്ട് തീരുന്നതാകരുത് ഈ റേപ്പിസ്റ്റിനെതിരെയുള്ള നടപടി. ഇനിയും കൂടുതൽ വിദ്യാര്‍ത്ഥിനികളെ ഇയാൾക്ക് മുമ്പിലേക്ക് ഇട്ടുകൊടുക്കാതെ ഇയാളെ സർവ്വീസിൽ നിന്ന് ഉടൻ പിരിച്ച് വിടണം. ഈ പീഢന വീരനെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിയമ നടപടി സ്വീകരിക്കണം. യുവജന, വനിതാ കമ്മീഷനുകളും ഈ വിഷയത്തിൽ ശക്തമായി ഇടപെടണം. വിദ്യാര്‍ത്ഥിനികളെ ലൈംഗികമായും മാനസികമായും ചൂഷണം ചെയ്യാൻ മുതിരുന്നവർക്ക് ശക്തമായ മുന്നറിയിപ്പ് നൽകുന്ന തരത്തിലുള്ള നിയമ നടപടി വേണം ഈ വിഷയത്തിൽ സർക്കാർ സ്വീകരിക്കാൻ. അത്തരം നീക്കങ്ങൾ യൂണിവേഴ്സിറ്റിയുടെയും സർക്കാരിന്റെയും ഭാഗത്ത് നിന്നുണ്ടായില്ലെങ്കിൽ msf ന്റെ പോരാട്ടത്തിനൊപ്പം ഹരിതയും രംഗത്തിറങ്ങും.
Post Your Comments