തിരുവനന്തപുരം: സിക്ക വൈറസ് പരിശോധന നടത്താൻ സംസ്ഥാനം സുസജ്ജം. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകൾ, ആലപ്പുഴ എൻഐവി യൂണിറ്റ് എന്നിവിടങ്ങളിൽ ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തുമെന്നും വീണാ ജോർജ് വ്യക്തമാക്കി.
Read Also: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
എൻഐവി പൂനയിൽ നിന്നും വൈറസ് പരിശോധന നടത്താൻ കഴിയുന്ന 2100 പിസിആർ കിറ്റുകൾ സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം 1000, തൃശൂർ 300, കോഴിക്കോട് 300, ആലപ്പുഴ എൻഐവി 500 എന്നിങ്ങനെയാണ് ടെസ്റ്റ് കിറ്റുകൾ ലഭിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് ഡെങ്കിപ്പനി, ചിക്കൻഗുനിയ, സിക്ക എന്നിവ പരിശോധിക്കാൻ കഴിയുന്ന 500 ട്രയോപ്ലക്സ് കിറ്റുകളും സിക്ക വൈറസ് മാത്രം പരിശോധിക്കാൻ കഴിയുന്ന 500 സിങ്കിൾ പ്ലക്സ് കിറ്റുകളുമാണ് ലഭിച്ചത്. മറ്റ് മൂന്ന് ലാബുകളിൽ സിക്ക പരിശോധിക്കാൻ കഴിയുന്ന സിങ്കിൾ പ്ലക്സ് കിറ്റുകളാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.
സിക്ക വൈറസ് പരിശോധന നടത്തുന്നത് രക്തം, മൂത്രം എന്നീ സാമ്പിളുകളിലൂടെയാണ്. രക്തത്തിൽ നിന്നും സിറം വേർതിരിച്ചാണ് പിസിആർ പരിശോധന നടത്തുന്നത്. തുടക്കത്തിൽ ഒരു പരിശോധനയ്ക്ക് എട്ട് മണിക്കൂറോളം സമയമെടുക്കും. സംസ്ഥാനത്ത് കൂടുതൽ ലാബുകളിൽ സിക്ക വൈറസ് പരിശോധന നടത്താനുള്ള സൗകര്യമൊരുക്കാനാണ് തീരുമാനം. മെഡിക്കൽ കോളേജുകൾക്ക് പുറമേയുള്ള കേസുകൾ പബ്ലിക് ഹെൽത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കുമെന്ന് വീണാ ജോർജ് വിശദമാക്കി.
Read Also: യോഗി സർക്കാരിന്റെ കോവിഡ് പ്രതിരോധം ലോകത്തിന് തന്നെ മാതൃകയാണ് : പ്രശംസിച്ച് ഓസ്‌ട്രേലിയൻ എംപി
ആർടിപിസിആർ പരിശോധന നടത്തുവാൻ കഴിയുന്ന 27 സർക്കാർ ലാബുകളാണ് സംസ്ഥാനത്തുള്ളത്. കോവിഡ് വ്യാപന സമയത്ത് കൂടുതൽ ആർടിപിസിആർ ലാബുകൾ സർക്കാർ സജ്ജമാക്കിയിരുന്നു. കൂടുതൽ ടെസ്റ്റ് കിറ്റുകൾ എത്തുന്ന മുറയ്ക്ക് ആവശ്യമെങ്കിൽ ഈ ലാബുകളിലും എൻഐവിയുടെ അനുമതിയോടെ സിക്ക പരിശോധന നടത്താൻ സാധിക്കുന്നതാണ്. പനി, ചുവന്ന പാടുകൾ, ശരീരവേദന എന്നീ ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തുന്ന രോഗികളെ പ്രത്യേകിച്ചും ഗർഭിണികളെ സിക്ക വൈറസ് പരിശോധനയ്ക്ക് വിധേയമാക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Also: മാവോയിസ്റ്റുകളുടെ നീക്കത്തിന് തടയിട്ട് സുരക്ഷാ സേന: പിടിച്ചെടുത്തത് വൻ സ്‌ഫോടക ശേഖരം
Post Your Comments