ബംഗളൂരു: പുറത്തു തൊട്ട പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണംപുകച്ച് കര്‍ണാടക പിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍. മാണ്ഡ്യയിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്. ഇതോടെ കോൺഗ്രസ് നേതാവിനെതിരെ വിമർശനം ശക്തമാണ്. മുന്‍മന്ത്രി ജി. ദേവഗൗഡയെ സന്ദര്‍ശിക്കുന്നതിനായാണ് ഡികെ ശിവകുമാർ മാണ്ഡ്യയിലെത്തിയത്.
പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നുപോകുന്നതിനിടെയാണ് പിന്നിൽ നിന്ന് വന്ന പ്രവർത്തകൻ അദ്ദേഹത്തെ തൊട്ടത്. എന്നാല്‍ കുപിതനായ ശിവകുമാര്‍ കൈ തട്ടിമാറ്റിയതിന് ശേഷം അയാളുടെ കരണത്തടിക്കുകയായിരുന്നു. ഇതോടെ കരണം പൊത്തി പ്രവർത്തകൻ മുന്നോട്ടു പോകുന്നതും വീഡിയോയിൽ കാണാം.
കോവിഡിന്റെ പശ്ചാത്തലത്തില്‍ അകലം പാലിക്കാത്തതിനാലാണ് താന്‍ അങ്ങനെ ചെയ്തതെന്നാണ് സംഭവത്തെക്കുറിച്ച് ശിവകുമാര്‍ പ്രതികരിച്ചത്. എന്നാൽ കോവിഡ് ആയിട്ടും യാതൊരു അകലവും പാലിക്കാതെയാണ് നേതാക്കന്മാരും അണികളും ഉൾപ്പെടുന്ന വലിയ ജനക്കൂട്ടം സംഭവ സ്ഥലത്തുള്ളതായി ഈ വിഡിയോയിൽ കാണുന്നത്. ഒട്ടും ക്ഷമയില്ലാത്ത ഗുണ്ടായിസം കാണിക്കുന്ന ഇവരെപോലുള്ളവരാണ് കോൺഗ്രസിനെ നയിക്കുന്നതെന്ന് വിമർശനം ശക്തമാണ്.
Post Your Comments