Latest NewsIndia

പ്രധാനമന്ത്രിയെയും കുമാരസ്വാമിയെയും അപകീർത്തിപ്പെടുത്താൻ 100 കോടി വാഗ്ദാനം ചെയ്തു: ഡികെ ശിവകുമാറിനെതിരെ ​ ജി.ദേവരാജ ഗൗഡ

ഹാസൻ: കർണാടക ഉപമുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഡികെ ശിവകുമാറിനെതിരെ ​ഗുരുതര ആരോപണങ്ങളുന്നയിച്ച് അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ. മുൻ മുഖ്യമന്ത്രിയായിരുന്ന എച്ച്‌ഡി കുമാരസ്വാമിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീർത്തിപ്പെടുത്താൻ 100 കോടി രൂപ ഡികെ ശിവകുമാർ വാഗ്ദാനം ചെയ്തെന്നാണ് ഗൗഡയുടെ ആരോപണം.

വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ ​ഗൗഡയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പോലീസ് വാഹനത്തിൽ നിന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ആരോപണം.

എച്ച്.ഡി കുമാരസ്വാമിക്കെതിരെ പ്രസ്താവന ഇറക്കാന്‍ തന്നോട് ഡി.കെ ശിവകുമാര്‍ ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. പ്രജ്ജ്വൽ രേവണ്ണയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന കാർത്തിക് ഗൗഡയിൽ നിന്ന് പെൻഡ്രൈവ് വാങ്ങിയതും ഇതെല്ലാം ആസൂത്രണം ചെയ്തതും ഡികെ ശിവകുമാറാണ്. വീഡിയോയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ കൈകാര്യം ചെയ്യാൻ നാല് മന്ത്രിമാരുടെ സംഘത്തെ രൂപീകരിച്ചിരുന്നതായും ദേവരാജ ഗൗഡ ആരോപിച്ചു.

ശിവകുമാർ തനിക്ക് അഡ്വാൻസായി അഞ്ച് കോടി രൂപ കൊടുത്തയച്ചതായും ഇടപാട് ചർച്ച ചെയ്യാൻ ഒരു പ്രാദേശിക നേതാവിനെ അയച്ചിരുന്നതായും ദേവരാജ ഗൗഡ അവകാശപ്പെട്ടു. താൻ വാഗ്ദാനം നിരസിച്ചതോടെ തനിക്കെതിരെ പോലീസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കുമാരസ്വാമിയെ രാഷ്ട്രീയമായി അവസാനിപ്പിക്കുകയാണ് ഡി.കെ ശിവകുമാറിൻ്റെ ലക്ഷ്യം. സംഭാഷണങ്ങളുടെ ഓഡിയോ റെക്കോർഡിങുകൾ കൈവശമുണ്ട്. പുറത്തിറങ്ങിയാൽ ഇത് തെളിയിക്കുമെന്നും കർണാടകയിൽ കോൺഗ്രസ് സർക്കാർ തകരാൻ പോകുകയാണെന്നും ഗൗഡ പറഞ്ഞു.

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും എല്ലാ തെളിവുകളും സിബിഐക്ക് സമർപ്പിക്കുമെന്നും ​ഗൗ‍ഡ പറഞ്ഞു. പെൻഡ്രൈവ് പുറത്തുവന്നതിന് പിന്നിൽ ശിവകുമാറാണെന്ന് ദേവരാജ ​ഗൗഡ മുമ്പും ആരോപണം ഉന്നയിച്ചിരുന്നു. ആറു ദിവസങ്ങൾക്കുമുമ്പാണ് ഗൗഡയെ ലൈംഗിക പീഡന കേസിൽ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button