ന്യൂഡൽഹി : മാധ്യമപ്രവർത്തകർക്കെതിരായ രാജ്യദ്രോഹക്കേസുകൾക്കെതിരെ മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ സുപ്രീംകോടതിയിൽ ഹർജി നൽകി. രാഷ്ട്രീയപ്രേരിതമായാണ് രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നീക്കങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് എന്നും അദ്ദേഹം ഹർജിയിൽ പറയുന്നു.
കാലാവസ്ഥ ആക്റ്റിവിസ്റ്റ് ദിഷ രവി, മാധ്യമ പ്രവര്‍ത്തകരായ വിനോദ് ദുവ, സിദ്ദീഖ് കാപ്പന്, സംവിധായിക ഐഷ സുല്‍ത്താന എന്നിവര്‍ക്ക് എതിരായ നടപടികളും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു.
രാജ്യദ്യോഹക്കുറ്റം ചുമത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതില്‍ 2016 മുതല്‍ വലിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 2016 ല്‍ 35 കേസുകളെടുത്തപ്പോള്‍ 2019 ല്‍ ഇത് 93 കേസുകളായി ഉയര്‍ന്നു. ഈ 93 കേസുകളില്‍ 17 ശതമാനത്തില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ശിക്ഷാ നിരക്കും വളരെ കുറവാണ്. 3.3 ശതമാനമാണ് ശിക്ഷാനിരക്ക്. അഭിഭാഷകരായ കാളീശ്വരം രാജ്, നിഷെ രാജൻ എന്നിവരാണ് സുപ്രീംകോടതിയിൽ ശശികുമാറിനായി ഹാജരാകുന്നത്. തിങ്കളാഴ്ചയാണ് ഹർജി പരിഗണിക്കുക.
Post Your Comments