തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ കഷ്ടപ്പെടുന്ന ഇന്ത്യയ്ക്ക് ഒരു ലക്ഷം കോടി രൂപ വെറുതെ കിട്ടിയേനെ. എന്നാല്‍ മുന്‍ യു.എസ് പ്രസിഡന്റ് ട്രംപിന്റെ തലതിരിഞ്ഞ നയം മൂലം ഇന്ത്യയ്ക്ക് ലഭിക്കേണ്ട 1 ലക്ഷം കോടി വെറുതെ പോയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
ഏതാണ്ട് 50 ലക്ഷം കോടി രൂപയുടെ സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്.ഡി.ആര്‍) പുറത്തിറക്കാനുളള ഐ.എം.എഫ് നിര്‍ദ്ദേശത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് ചോദിക്കുന്നു. കോവിഡ് സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഐ.എം.എഫ് അവരുടെ പണം, എസ്.ഡി.ആര്‍ അംഗരാജ്യങ്ങള്‍ക്കു വിതരണം ചെയ്യാമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യയ്ക്ക് ഏതാണ്ട് ഒരുലക്ഷം കോടി രൂപ വെറുതേ കിട്ടിയേനെ. എന്നാല്‍, നേരത്തെ ട്രംപ് ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞതായും അമേരിക്ക വീറ്റോ ചെയ്തതോടെ ഈ നിര്‍ദ്ദേശം തളളിപ്പോയതായും ചൂണ്ടിക്കാട്ടിയാണ് ഐസക് ഇത്തരമൊരു ചോദ്യം ഉന്നയിച്ചിരിക്കുന്നത്.
Read Also :തെലുങ്കാനയില്‍ ആദ്യഘട്ടത്തില്‍ 1,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് കിറ്റക്‌സ് ഗ്രൂപ്പ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…..
‘കോവിഡ് സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഐഎംഎഫ് 50 ലക്ഷം കോടി രൂപയ്ക്കു തുല്യമായ അവരുടെ പണം സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്.ഡി.ആര്‍) അംഗരാജ്യങ്ങള്‍ക്കു വിതരണം ചെയ്യാമെന്ന് നിര്‍ദ്ദേശിച്ചു. ഇന്ത്യയ്ക്ക് ഏതാണ്ട് ഒരുലക്ഷം കോടി രൂപ വെറുതേ കിട്ടിയേനെ. 2020 ഏപ്രില്‍ 25-ന് ഇതുസംബന്ധിച്ച് ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിനു താഴെ 795 കമന്റുകളാണ് വന്നത്. ഭൂരിപക്ഷവും എസ്.ഡി.ആര്‍ എന്താണെന്നുപോലും അറിയാത്ത സംഘികളുടേത്. വെറുതേ ആരെങ്കിലും പണം തരുമോ? തുടങ്ങിയ എമണ്ടന്‍ ചോദ്യങ്ങളാണ് അവര്‍ ഉന്നയിച്ചത്’ .
‘ കാരണം വളരെ ലളിതമാണ് ഈ നിര്‍ദ്ദേശത്തിനെതിരെ ഇന്ത്യാ സര്‍ക്കാര്‍ വോട്ട് ചെയ്തു. ട്രംപ് പറഞ്ഞത് ഇന്ത്യാ സര്‍ക്കാര്‍ ശിരസ്സാ അംഗീകരിച്ചു. ചൈന, പാകിസ്ഥാന്‍, റഷ്യ തുടങ്ങിയവര്‍ക്കൊക്കെ വെറുതേ പണം കിട്ടുന്നതിനോടു യോജിപ്പില്ലായെന്നാണ് റിപ്പബ്ലിക്കന്‍മാര്‍ പരസ്യമായി പ്രഖ്യാപിച്ചത്. എന്തിന് ഇന്ത്യ ഒരുലക്ഷം കോടി രൂപ വേണ്ടെന്നുവയ്ക്കുന്നു എന്നായിരുന്നു ഞാന്‍ ചോദിച്ചത്. അതിന് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല’.
‘സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്.ഡി.ആര്‍) എന്ന ഐഎംഎഫിന്റെ പണം രാജ്യങ്ങളുടെ വിദേശനാണയ കരുതല്‍ ശേഖരത്തില്‍ വയ്ക്കാമെന്നല്ലാതെ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഇവ ലഭ്യമല്ല. പ്രധാന ലോക കറന്‍സികളുമായി ബന്ധപ്പെടുത്തിയാണ് എസ്.ഡി.ആര്‍-ന്റെ മൂല്യം നിശ്ചയിക്കുന്നത്. സാധാരണഗതിയില്‍ ഒന്നര ഡോളറാണ് ഒരു എസ്.ഡി.ആര്‍’.
‘ഏതാണ്ട് 25 ലക്ഷം കോടി രൂപയുടെ എസ്.ഡി.ആര്‍. ആണ് വിവിധ രാജ്യങ്ങളുടെ വിദേശ വിനിമയ ശേഖരത്തില്‍ ഇപ്പോഴുള്ളത്. ഇതിന് ഇരട്ടി വരുന്ന തുകയ്ക്കുള്ള എസ്.ഡി.ആര്‍ ലോകരാജ്യങ്ങളുടെ കരുതല്‍ ശേഖരത്തിലേയ്ക്ക് നല്‍കാമെന്നാണ് ഐഎംഎഫിന്റെ നിര്‍ദ്ദേശം. ആവശ്യമുള്ള അംഗരാജ്യങ്ങള്‍ക്ക് ഈ ഐഎംഎഫ് പണത്തെ ഡോളര്‍ പോലെ മറ്റു ലോകനാണയങ്ങളിലേയ്ക്ക് കൈമാറ്റി തങ്ങളുടെ വിദേശ വിനിമയ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയും’.
‘പിന്നോക്ക രാജ്യങ്ങളെല്ലാം തന്നെ ഐഎംഎഫിന്റെ നീക്കത്തെ വലിയ പ്രത്യാശയോടെയാണ് കണ്ടത്. ഈ തുക മുഴുവനും ഇവര്‍ക്ക് കിട്ടുമെന്നു തെറ്റിദ്ധരിക്കരുത്. അംഗരാജ്യങ്ങളുടെ ഓഹരിയ്ക്ക് അനുസരണമായേ പുതിയതായി ഇറക്കുന്ന എസ്.ഡി.ആര്‍ കിട്ടൂ. അമേരിക്കയ്ക്കാണ് ഏറ്റവും കൂടുതല്‍ ഓഹരി – 16.5 ശതമാനം. ഐഎംഎഫിന് രൂപം നല്‍കിയപ്പോള്‍ അംഗരാജ്യങ്ങള്‍ക്ക് ഉണ്ടായിരുന്ന സാമ്പത്തിക വലുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഓഹരി നിശ്ചയിച്ചത്. ഇന്ത്യയ്ക്ക് 2.6 ശതമാനമാണ് ഓഹരി’.
‘ചെറിയൊരു ഓഹരി മാത്രമേ പിന്നോക്ക രാജ്യങ്ങള്‍ക്ക് ഉള്ളൂവെങ്കിലും, അവരുടെ രാജ്യത്തെ സാമ്പത്തിക ശേഷിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഗണ്യമായ തുകയായിരിക്കും. മാത്രമല്ല, ഐഎംഎഫില്‍ നിന്നും വായ്പകളുടെ മുതലും പലിശയും തിരിച്ചടയ്ക്കണം. പക്ഷെ, ലഭിക്കുന്ന എസ്ഡിആര്‍ ക്വാട്ട തിരിച്ച് അടയ്ക്കണ്ട. 0.05 ശതമാനം പലിശ മാത്രമേ കൊടുക്കേണ്ടതുള്ളൂ. പ്രത്യേകിച്ച് ഒരു നിബന്ധനയുമില്ല. അതുകൊണ്ട് വളരെ പ്രതീക്ഷയോടെ ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും ന്യൂയോര്‍ക്കിലെ ഐഎംഎഫ് സമ്മേളനത്തിനുവേണ്ടി കാത്തിരുന്നത്’.
‘പക്ഷെ, ട്രംപ് ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. അമേരിക്ക എതിര്‍ത്താല്‍ എസ്ഡിആര്‍ ഇറക്കാന്‍ കഴിയില്ല. കാരണം, ഈ തീരുമാനത്തിന് 85 ശതമാനം വോട്ട് കിട്ടണം. അമേരിക്കയ്ക്ക് 16.5 ശതമാനം വോട്ടുണ്ട്. അമേരിക്ക വീറ്റോ ചെയ്തതോടെ പണി പാളി. അമേരിക്ക ഇങ്ങനെയൊരു നിലപാട് എടുത്തതില്‍ അത്ഭുതമില്ല. ഇന്ന് ലോകനാണയമായിട്ട് എല്ലാവരും അംഗീകരിച്ചിട്ടുള്ളത് ഡോളറാണ്. ഡോളറിന് പണ്ടത്തെ പ്രതാപമൊന്നും ഇല്ലെങ്കിലും ചൈനയുടെ പോലും വിദേശ വിനിമയ ശേഖരത്തില്‍ ഏറ്റവും വലിയസ്ഥാനം നല്‍കിയിട്ടുള്ളത് ഡോളറിനാണ്’.
‘അമേരിക്കയുടെ ഒരു ഭാഗ്യം നോക്കിക്കേ. ഇന്ത്യാ സര്‍ക്കാര്‍ എത്ര രൂപ നോട്ടടിച്ചാലും നമ്മള്‍ അത് പണമായി വാങ്ങും. ഇതുപോലെയാണ് ആഗോളമായി അമേരിക്കയുടെ നില. അമേരിക്ക എത്ര ഡോളര്‍ അടിച്ചുവിട്ടാലും ലോകത്ത് ആരെങ്കിലും വാങ്ങിക്കൊള്ളും. പകരം ചരക്കുകളോ വസ്തുവകകളോ അല്ലെങ്കില്‍ പലിശയോ അമേരിക്കയ്ക്ക് നല്‍കും. തങ്ങളുടെ ഈ അസൂയാവഹമായ ഈ പദവി എസ്.ഡി.ആര്‍-ന് അടിയറവയ്ക്കാന്‍ അമേരിക്ക തയ്യാറല്ല. പണ്ടും അമേരിക്കയുടെ നിലപാട് ഇതുതന്നെ. അപ്പോള്‍ പിന്നെ ട്രംപ് പ്രസിഡന്റായിരുന്നപ്പോഴത്തെ പ്രതികരണം ഊഹിക്കാമല്ലോ. 2020-ല്‍ അമേരിക്കയോടൊപ്പം നില്‍ക്കാന്‍ ഒരു രാജ്യമേ ഉണ്ടായുള്ളൂ. അത് ഇന്ത്യാ മഹാരാജ്യമായിരുന്നു’.
‘ഇന്നിപ്പോള്‍ ഐഎംഎഫ് 48.75 ലക്ഷം കോടി രൂപയ്ക്കു തുല്യമായ എസ്.ഡി.ആര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ബൈഡന്റെ നയം ട്രംപിന്റേതല്ല. ഇതിന്റെ പലമടങ്ങുവരുന്ന തുകയ്ക്കുള്ള എസ്.ഡി.ആര്‍ പുറത്തിറക്കണമെന്നാണ് ഐഎംഎഫിന്റെ ആഗ്രഹം. അത്തരമൊരു നിലപാട് അമേരിക്കയ്ക്കു സ്വീകരിക്കണമെങ്കില്‍ സെനറ്റിന്റെ അംഗീകാരം വേണം. റിപ്പബ്ലിക്കുകാര്‍ ഒന്നടങ്കം എതിരാണ്. അതുകൊണ്ട് ഇപ്പോള്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞതുപോലെ ഏതാണ്ട് 50 ലക്ഷം കോടി രൂപയുടെ എസ്.ഡി.ആര്‍ പുറത്തിറക്കുകയാണ്’.
Post Your Comments