തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ സ്വന്തം ചിത്രം പോസ്റ്റ് ചെയ്യുംമുമ്പ് ശ്രദ്ധിക്കണമെന്നും അവ ദുരുപയോഗം ചെയ്‌തേക്കാമെന്നും ഉള്ള കേരള പോലീസിന്റെ മുന്നറിയിപ്പിനെതിരെ പരക്കെ വിമർശനം. സമൂഹ മാധ്യമങ്ങളിൽ പെൺകുട്ടികൾ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് അശ്ലീല സൈറ്റുകളുടെയും ആപ്ലിക്കേഷനുകളുടെയും പരസ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന പരാതികൾ പോലീസിന് ലഭിച്ചുവെന്നും അന്വേഷണം നടന്ന് വരുന്നതായും കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചിരുന്നു. വളരെ വേഗത്തിലാണ് പോസ്റ്റ് ചർച്ചയായത്. എന്നാൽ, പോസ്റ്റിന് വരുന്ന കമന്റുകളിൽ ഏറെയും വിമർശനങ്ങളാണ്.
‘നല്ല അന്തസ്സുള്ള ഉപദേശം പെൺകുട്ടികളോട് നിങ്ങളുടെ ഫോട്ടോ മോശമായി ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ ഞങ്ങൾ നോക്കിക്കോളാം അതോർത്ത് പേടിക്കണ്ട എന്ന് പറയുന്ന പോലീസിനെയാണ് ഞങ്ങൾക്കാവശ്യം. അല്ലാതെ പുറത്തിറങ്ങിയാൽ കോക്കാച്ചി പിടിക്കും വീട്ടിൽ പൂട്ടിയിരിക്കാൻ പറയുന്ന ആങ്ങളമാരെയല്ല’ എന്ന് ഒരാൾ കമന്റ് ചെയ്തിരിക്കുന്നു. ‘ഇക്കണക്കിന് പോയാ നാളെ വീടിന് വെളിയിലിറങ്ങരുത് ന്ന് പറയുമല്ലോ?’ എന്നാണ് മറ്റൊരാളുടെ കമന്റ്.
‘നല്ല ഒന്നാന്തരം സദാചാര ഉപദേശം. ഈ പണിക്ക് ഇഷ്ടം പോലെ കുല പുരുഷ ആങ്ങളമാർ നാട്ടിലുണ്ട്. അതിനു സർക്കാർ ശമ്പളം പറ്റുന്ന കുലകൾ കഷ്ടപ്പെടേണ്ട. സൈബർ സെൽ എന്ന പേരിൽ ശമ്പളം വാങ്ങി തള്ള് മാത്രം നടത്തുന്ന കൂട്ടത്തിൽ ഉള്ള സേറന്മാരോട് നല്ല വെടിപ്പായി പണി എടുക്കാൻ പറഞ്ഞാ മതി. ഉപദേശികൾക്ക് പണി കുറയും’ എന്നാണ് ഒരാളുടെ വിമർശനം. ‘ പ്രൊഫൈൽ പിക്കിന് ലൈക് ചെയ്യണേയെന്ന് മെസഞ്ചറിൽ ലൈക് തെണ്ടുന്ന നാടാണ് സാറിത്’ എന്ന് മറ്റൊരാൾ പരിഹസിക്കുന്നു.
അതേസമയം ‘അവരു മുന്നറിയിപ്പ് തന്നു. അത് അവരുടെ ജോലി ആണ്. ചതിയിൽ വീഴുന്ന മുൻപ് അറിയാൻ വേണ്ടി’ എന്ന കമന്റുമായി വളരെ വിരളമായെങ്കിലും പോലീസിനെ പിന്തുണയ്ക്കുന്നവരും ഉണ്ട്.
Post Your Comments