പത്തനംതിട്ട: സി.പി.എം വിഭാഗീയത മൂര്‍ച്ഛിച്ച് പത്തനംതിട്ട നഗരസഭയുടെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പില്‍ അസഭ്യവര്‍ഷം. സി.പി.എം കൗണ്‍സിലര്‍ വി.ആര്. ജോണ്‍സനാണ് എസ്.ഡി.പി.ഐക്കെതിരെ പോസ്റ്റിട്ടത്. ‘എസ്.ഡി.പി.ഐ പട്ടികളുടെ ഔദാര്യത്തില്‍ അല്ല പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ സ്ഥാനമെന്നും വര്‍ഗീയവാദം തുലയട്ടെ’ എന്നുമാണ് ഞായറാഴ്ച രാത്രി ജോണ്‍സന്റെ പോസ്റ്റ് വന്നത്. ഇത് വിവാദമായി. നഗരസഭ ചെയര്മാന് അഡ്വ. ടി. സക്കീര്‍ ഹുസൈന് എസ്.ഡി.പി.ഐക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്യുന്നതായും സി.പി.എമ്മിന്റെ പല കൗണ്‍സിലര്‍മാരെയും അവഗണിക്കുന്നതായും പാര്‍ട്ടിയില്‍ പരാതി ഉയരുന്ന സമയത്താണ് ഇങ്ങനെയൊരു വിവാദം.
നഗരസഭ ചെയര്മാന് അഡ്വ. ടി. സക്കീര്‍ ഹുസൈന് എസ്.ഡി.പി.ഐക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്യുന്നതായും സി.പി.എമ്മിന്റെ പല കൗണ്‍സിലര്‍മാരെയും അവഗണിക്കുന്നതായും പാര്‍ട്ടിയില്‍ പരാതി ഉയരുന്ന സമയത്താണ് ഇങ്ങനെയൊരു വിവാദം. എസ്.ഡി.പി.ഐയുടെ പിന്തുണയോടെ സക്കീര്‍ ഹുസൈന് ചെയര്‍മാനായി ഭരണത്തില്‍ വന്നതോടെയാണ് പാര്‍ട്ടിയില്‍ ചേരിപ്പോര് ആരംഭിച്ചത്. എസ്.ഡി.പി.ഐ പിന്തുണയോടെ ഭരിക്കുന്നതില്‍ സി.പി.എമ്മില്‍ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്.
പാര്‍ട്ടി സമ്മേളനത്തിെന്റ ഭാഗമായി താഴെതട്ടില്‍ അടുത്തമാസം തുടങ്ങുന്ന ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഇത് കടുത്ത ചര്‍ച്ചകളിലേക്ക് നീങ്ങും. സി.പി.എം പ്രവര്‍ത്തകരുടെ വാട്സ്ആപ് ഗ്രൂപ്പുകളില്‍ ഇതു സംബന്ധിച്ച് ആരോപണം ഉയരുന്നുണ്ട്. ജോണ്‍സനും ഇദ്ദേഹത്തെ അനുകൂലിക്കുന്ന ഡി. വൈ.എഫ്.ഐ പ്രവര്‍ത്തകരും സമൂഹ മാധ്യമങ്ങളില്‍ ഇതേ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ വിവരമില്ലായ്മ പാര്‍ട്ടി പഠനക്ലാസിലാണ് പരിഹരിക്കേണ്ടതെന്ന് എസ്.ഡി.പി. ഐ കൗണ്‍സിലര്‍ എസ്. ഷെമീര്‍ വാട്സ്ആപ് ഗ്രൂപ്പില്‍ ഇതിന് മറുപടി പറഞ്ഞിട്ടുണ്ട്. തങ്ങള്‍ ആരെയെങ്കിലും ജയിപ്പിച്ചുവെന്നോ ആരെയെങ്കിലും പിന്തുണച്ചുവെന്നോ അവകാശവാദം ഉന്നയിക്കുന്നില്ലെന്നും മറുപടിയില്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം ചര്‍ച്ച ഔദ്യോഗിക ഗ്രൂപ്പിലല്ല നടത്തേണ്ടതെന്നും പറയുന്നുണ്ട്.
അതേസമയം ജനറല്‍ ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റിന് അനുമതി നല്കിയതിെനത്തുടര്ന്ന് മന്ത്രി വീണ ജോര്‍ജിന് അനുകൂലമായി ഫേസ് ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ കൊടുന്തറയിലെ ഒരു ഡി.വൈ.എഫ്.ഐ നേതാവിനെ സക്കീര്‍ ഹുസൈനെ അനുകൂലിക്കുന്ന വിഭാഗം താക്കീത് ചെയ്ത് സ്ഥാനങ്ങളില്‍നിന്ന് മാറ്റിയിരുന്നതായും പറയുന്നു. എസ്.ഡി.പി.ഐയുടെ ഫ്രീഡം പരേഡില്‍ മുന്നില്‍ തൊപ്പിയും വെച്ച് നടന്നവര്‍ ഭരണം കിട്ടിയപ്പോള്‍ പത്തനംതിട്ടയിലെ സി.പി.എം നേതാക്കളുടെ പ്രിയപ്പെട്ടവരായതായും ഡി.വൈ.എഫ്.ഐ നേതാക്കള്‍ ഫേസ് ബുക്കിലൂടെ കുറ്റപ്പെടുത്തുന്നുണ്ട്. അടുത്തിടെ പത്തനംതിട്ട ലോക്കല്‍ കമ്മിറ്റി വിഭജിച്ചതും വലിയ വിഭാഗീയതക്ക് ഇടയാക്കിയിരുന്നു.
Post Your Comments