മുംബൈ: ഐപിഎൽ 15-ാം സീസണിലേക്ക് രണ്ട് പുതിയ ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നു. ടീമുകൾക്കായി മൂന്ന് ഗ്രൂപ്പുകളാണ് രംഗത്തുള്ളത്. കൊൽക്കത്തയിൽ നിന്നുള്ള ആർപി രാജീവ് ഗൊണീക ഗ്രൂപ്പ്, അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ്, ഗുജറാത്ത് ആസ്ഥാനമായുള്ള ടോറന്റ് ഗ്രൂപ്പ് എന്നിവർ പുതിയ ടീമിനെ ഇറക്കുന്നതിനായി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഓഗസ്റ്റ് പകുതിയോടെ പുതിയ ടീമുകൾക്കായുള്ള ടെണ്ടർ നോട്ടീസ് ബിസിസിഐ ഇറക്കുമെന്നാണ് അറിയുന്നത്. ഒക്‌ടോബർ പകുതിയോടെ പുതിയ ടീമുകളെ പ്രഖ്യാപിക്കും. ഡിസംബറിൽ മെഗാ താരലേലം നടത്താനാണ് ബിസിസിഐ തീരുമാനം.
2000 കോടി രൂപയിലധികമായിരിക്കും പുതിയ ഐപിഎൽ ടീമുകളുടെ അടിസ്ഥാന വിലയെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ എട്ട് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. രണ്ട് ടീമുകൾ കൂടി വരുമ്പോൾ ടീമുകളുടെ എണ്ണം പത്താകും.
Read Also:- ഐപിഎൽ 15-ാം സീസൺ: നിർണ്ണായക മാറ്റങ്ങളുമായി ബിസിസിഐ
അതേസമയം, നാല് താരങ്ങളെ ഓരോ ടീമുകൾക്കും നിലനിർത്താനാകുമെന്നാണ് പുറത്തുവന്നിരിക്കുന്ന പുതിയ വിവരം. മൂന്ന് ഇന്ത്യൻ താരങ്ങളെയോ ഒരു വിദേശ താരത്തെയോ അല്ലെങ്കിൽ രണ്ട് വീതം ഇന്ത്യൻ താരങ്ങളെയും വിദേശ താരങ്ങളെയും നിലനിർത്താം എന്നാണ് പുതിയ തീരുമാനം. കഴിഞ്ഞ തവണ മൂന്ന് താരങ്ങളെയും നിലനിർത്തുകയും രണ്ട് റൈറ്റ് ടു മാച്ച് അവസരവും ഫ്രാഞ്ചൈസികൾക്ക് ഉപയോഗിക്കാമായിരുന്നു.
Post Your Comments