ആൾസിൽ: വിൻസെൻ്റ് വില്യം വാൻഗോഗ് എന്ന ഡച്ച് ചിത്രകാരനെ അറിയാത്തവരായി ഈ ലോകത്ത് ആരും തന്നെ ഉണ്ടാകില്ല. ഇദ്ദേഹത്തിൻ്റെ ചിത്രങ്ങളിലെ ആഴത്തിലുള്ള വൈകാരികതയും വർണ്ണനകളിൽ നിറഞ്ഞ് നിന്നിരുന്ന വൈവിദ്ധ്യവും പാശ്ചാത്യ കലയെ എന്നും നിശ്ചല സ്തബ്ദ്ധതയിൽ നിലനിർത്തുന്നതായിരുന്നു. എന്നാൽ തൻ്റെ ജീവിത കാലത്ത് ഒക്കെ തന്നെ വേദനകളിൽ നിന്നും ഒറ്റപ്പെടലുകളിൽ നിന്നും ഉയർന്ന് വന്ന ഉത്കണ്ഠയും കഠിനമായ മാനസിക അസ്വാസ്ഥ്യങ്ങളും ഈ ചിത്രകാരനെ മരണം വരെ വേട്ടയാടി. തുടർന്ന് തൻ്റെ 37 മത്തെ വയസ്സിൽ അപ്രശസ്തിയുടെ നെറുകയിൽ ചുംബിച്ച് നിന്ന വാൻഗോഗ് ആത്മഹത്യ ചെയ്ത് ഭൂമിയിൽ നിന്നും മടങ്ങുകയായിരുന്നു.
എന്നാൽ ജീവിതത്തിലുടനീളം അപ്രശസ്തിയുടെ ഇരുണ്ട അർദ്ധ ഗോളത്തിൽ കഴിഞ്ഞിരുന്ന വാൻഗോഗിനെ തേടി പ്രശസ്തിയുടെ ദിവ്യ വെളിച്ചം നടന്നടുക്കുകയായിരുന്നു. ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ തിരിച്ചറിയുന്നതും വിലയേറിയതുമാണ് വാൻഗോഗ് ചിത്രങ്ങൾ. ഇതിലേറെയും വാൻഗോഗിൻ്റെ സ്വഛായ ചിത്രങ്ങൾ തന്നെയായിരുന്നു ഏറെ വിറ്റഴിഞ്ഞത്. 1886- നും 1889 നും ഇടയിൽ ഏകദേശം 43 – ഓളം അത്തരം ചിത്രങ്ങൾ വാൻഗോഗ് വരച്ചു. വിദൂരതയിൽ ഉടക്കി നിൽക്കുന്ന മിഴിവാർന്ന വാൻഗോഗിൻ്റെ കണ്ണുകളെ നമുക്ക് അവിടെ കാണാൻ സാധിക്കും. താടി, മീശ ഉള്ളതും ഇല്ലാത്തതുമായ ചിത്രങ്ങൾ തലയ്ക്ക് ചുറ്റും ബാൻഡേജ് കെട്ടി നിൽക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ നിറത്തിലും കനത്തിലും വ്യത്യസ്തത പുലർത്തുന്നതാണ്. ഇതിൽ ബാൻഡേജ് കെട്ടി നിൽക്കുന്ന തൻ്റെ ചെവി അറുത്ത് കളഞ്ഞ സമയത്ത് അദ്ദേഹം വരച്ചവയായിരുന്നു .
അനന്തത എന്ന അനുഭൂതി ഉണർത്തുന്ന നിറ കൂട്ടുകൾ കൊണ്ട് ഭാവ സാന്ദ്രതയും തീവ്രതയും ജനിപ്പിക്കുന്ന വാൻഗോഗ് ചിത്രങ്ങൾ ഇന്നും ഏവർക്കും പ്രിയങ്കരങ്ങളാണ്. വേദനകളിൽ പോലും വർണ്ണങ്ങളുടെ കളി കൂട്ടുകാരനായ വാൻഗോഗ് ഇന്നും ചിത്രകലയുടെ ഭാവനാ ഗോപുരത്തിൽ പ്രകാശം പരത്തുന്ന ഒരു വാൽ നക്ഷത്രമാണ്. മറവിയിൽ ഏവരെയും സന്തോഷിപ്പിക്കുകയും ഈറനണിയിപ്പിക്കുകയും ചെയ്യുന്ന ഒരു നിറ സ്വപ്നവും.
Post Your Comments