ബംഗളുരു : ചന്ദ്രയാൻ വിക്ഷേപണത്തിന് ശേഷം രാജ്യം മുഴുവൻ പ്രതീക്ഷാ നിർഭരമായ മനസ്സോടെ കാത്തിരിക്കുമ്പോൾ ആണ് നടൻ പ്രകാശ് രാജ് ചന്ദ്രയാൻ ചന്ദ്രനിൽ ചെല്ലുമ്പോൾ അവിടെ ചായക്കടക്കാരൻ ഉണ്ടാവുമെന്ന കാർട്ടൂൺ പങ്കുവെച്ചത്. ചന്ദ്രനിൽ നിന്നും ചന്ദ്രയാൻ അയച്ച ആദ്യത്തെ ചിത്രം എന്ന രീതിയിൽ ഒരാൾ കേരളീയ ശൈലിയിൽ ചായ അടിക്കുന്ന ചിത്രമാണ് പ്രകാശ് രാജ് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. സംഭവം വിവാദമായതോടെ നടൻ താൻ ഉദ്ദേശിച്ചത് മലയാളിയെ ആണ് എന്ന് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ ഇപ്പോൾ പ്രകാശ് രാജ് ദുരുപയോഗിച്ച ചായക്കടക്കാരന്റെ ചിത്രത്തിന്റെ യഥാർത്ഥ സൃഷ്ടാവ് തനിക്ക് അർഹമായ ക്രെഡിറ്റിനായി രംഗത്തു വന്നിരിക്കുകയാണ്. ബംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗൗരവ് ശർമ്മ എന്ന കലാകാരനാണ് ഈ ചിത്രത്തിന്റെ യഥാർത്ഥ സൃഷ്ടാവ്. 3D ചിത്രങ്ങൾ ഒരുക്കുന്നതിൽ വിദഗ്ധനായ അദ്ദേഹം കഴിഞ്ഞ പതിനഞ്ചു വര്ഷങ്ങളായി ഈ രംഗത്തുണ്ട്. ഇന്ത്യയിലെ ദശലക്ഷക്കണക്കായ ചായക്കച്ചവടക്കാരോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കാനാണ് താൻ 2020 മാർച്ചു മാസത്തിൽ ഈ ത്രിമാന ചിത്രം വരച്ചതെന്ന് അദ്ദേഹം പറഞ്ഞു.
‘തന്റെ സൃഷ്ടി അനുവാദം കൂടാതെ ദുരുപയോഗിച്ചിരിക്കുകയാണ് പ്രകാശ് രാജ്. അദ്ദേഹത്തെ കൂടാതെ ചില മാധ്യമ സ്ഥാപനങ്ങളും സമാനമായി ചിത്രം ദുരുപയോഗം ചെയ്തിട്ടുണ്ട്.’ തന്റെ ചിത്രത്തിന്റെ അവകാശം തനിക്കു തന്നെ ആണെന്നും അത് നേടിയെടുക്കുന്നതിന് സഹൃദയ ലോകത്തിന്റെ പിന്തുണ വേണമെന്നും അഭ്യർത്ഥിച്ച് രംഗത്തു വന്നിരിക്കുകയാണ് ഗൗരവ് ശർമ്മ. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിലാണ് ഈ അഭ്യർത്ഥന നടത്തിയിരിക്കുന്നത്. അതിനായി നിയമപരമായി നീങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം. നേരത്തെ പ്രകാശ് രാജിനെതിരെ ഇത് സംബന്ധിച്ച് കേസ് എടുത്തിരുന്നു.
Post Your Comments