ദുബായ് : ഒരു ആര്‍ട്ടിസ്റ്റിന് ഏറ്റവും ആവശ്യമായ ഒന്നാണ് ക്യാന്‍വാസ്. എന്നാല്‍ ദുബായിലെ ബുര്‍ജ് ഖലീഫ തന്നെ ഒരു ക്യാന്‍വാസ് ആയി ലഭിച്ചാലോ? ഇപ്പോള്‍ ആര്‍ട്ടിസ്റ്റുകളുടെ സ്വന്തം ക്യാന്‍വാസായി മാറാന്‍ പോവുകയാണ് ഈ അത്ഭുത വിസ്മയം. ലോകമെമ്പാടുമുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം നല്‍കുകയാണ് ബുര്‍ജ് ഖലീഫ.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ”ബുര്‍ജ് ഖലീഫ ഓപ്പണ്‍ കോള്‍” എന്ന ഏറ്റവും പുതിയ കാമ്പെയ്നിന്റെ ഭാഗമായി എല്‍ഇഡി ലൈറ്റ് ഷോയില്‍ തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് അവസരം ഒരുക്കുകയാണ് ബുര്‍ജ് ഖലീഫ. എന്‍ട്രികള്‍ അയയ്ക്കാന്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഡിസംബര്‍ 31 വരെ സമയമുണ്ട്. എല്ലാ ആഴ്ചയും, ഒരു ഡിസൈന്‍ തിരഞ്ഞെടുത്ത് കെട്ടിടത്തിന്റെ വിശാലമായ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.
ഡിസൈന്‍ ഫോര്‍മാറ്റുകള്‍, നിങ്ങള്‍ പാലിക്കേണ്ട അളവുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിശദാംശങ്ങളും മത്സരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടാതെ, നിങ്ങളുടെ ഡിസൈനുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും കെട്ടിടത്തിന്റെ ഔദ്യോഗിക പേജുകള്‍ ടാഗു ചെയ്യുകയും ചെയ്താല്‍ മത്സരത്തില്‍ വിജയിക്കാന്‍ മികച്ച അവസരമുണ്ടെന്നാണ് സൂചന.
Post Your Comments