അഞ്ജു പാർവതി
തിരുവനന്തപുരം: അദ്ദേഹം കൊട്ടിയൂരിലെ അനന്തുവിനെയും അക്ഷരയെയും ചേർത്തണച്ചപ്പോൾ രാഷ്ട്രീയക്കാരനായിരുന്നില്ല. എച്ച് ഐ വി ബാധിതരായി പോയതിന്റെ പേരില്‍ അയിത്തം കല്പിക്കപ്പെട്ട രണ്ടു കുരുന്നുകളെ നാമടങ്ങുന്ന സമൂഹം ഒറ്റപ്പെടുത്തി, അക്ഷരകോവിലിനുള്ളില്‍ നിന്ന് പോലും പുറത്താക്കിയപ്പോള്‍, എച്ച് ഐ വി ബാധിതര്‍ എന്ന പേരില്‍ പ്രബുദ്ധ കേരളം സാമൂഹിക അയിത്തം കല്പിച്ചപ്പോള്‍ അവര്‍ക്ക് മുന്നില്‍ ദൈവദൂതനായി ചെല്ലാന്‍ ഈ ഒരു മനുഷ്യനേ കഴിഞ്ഞുള്ളൂ .
അന്ന് കൊട്ടിയൂരിലെ സ്കൂളിലെത്തി അനന്തുവിനെയും അക്ഷരയെയും ചേര്‍ത്തുപിടിച്ചു അണച്ചുനിറുത്തി നാട്ടുകാര്‍ക്ക് മുന്നില്‍ എയിഡ്സ് പകരുന്നൊരു രോഗമല്ലെന്ന് ബോധവല്‍ക്കരണം നടത്താന്‍ അദ്ദേഹത്തെ ഭരിച്ചത് ഒരേ ഒരു വികാരം മാത്രം – മാനവികത. അദ്ദേഹം തൃശൂരിലെ എം.എൽ.എ ആയിരുന്നില്ല ! തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം തനിക്ക് വോട്ടു തരാത്തവരെ മാറ്റി നിറുത്താൻ അദ്ദേഹം പഠിച്ചില്ല. പകരം കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന ‘പ്രാണ പദ്ധതി’ തൃശൂർ ഗവ. മെഡിക്കല്‍ കോളേജില്‍ യഥാര്‍ത്ഥ്യമാക്കി ജനസേവനമെന്നത് കേവലം വോട്ടിൽ മാത്രമല്ലെന്ന് തെളിയിച്ചു.
രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ്പ് ലൈന്‍ വഴി ഓക്‌സിജന്‍ എത്തിക്കുന്ന പദ്ധതി നടപ്പാക്കാൻ അദ്ദേഹത്തെ പഠിപ്പിച്ചത് മാനവസേവ മാധവസേവയെന്ന ആപ്തവാക്യം. അദ്ദേഹം വട്ടവടയിലെ ജനപ്രതിനിധിയോ ഇടുക്കിയിലെ എം.എൽ എയോ ആയിരുന്നില്ല. 2018-ൽ മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊട്ടാക്കമ്പൂരിലെ വീട് സന്ദർശിച്ച ശേഷം പ്രദേശവാസികളുമായി സംസാരിച്ചപ്പോൾ മനസ്സിലാക്കിയ കുടിവെള്ള പ്രശ്നം ഒരു വർഷം തികയും മുമ്പേ തന്റെ എം.പി ഫണ്ടിൽ നിന്നും 73 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച കോവിലൂർ കുടിവെള്ള പദ്ധതിയിലൂടെ പ്രാവർത്തികമാക്കി 900 കുടുംബങ്ങൾക്ക് കുടിവെള്ളം നല്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം സഹജീവിസ്നേഹം.
അദ്ദേഹം കാസർകോട്ടെ എം.എൽ. എ ആയിരുന്നില്ല. എൻഡോസൾഫാൻ ബാധിതരെ സഹായിക്കുവാൻ മുന്നോട്ട് വന്നതു മുതൽ കാസർകോട് ജനറൽ ആശുപത്രി കോവിഡ് 19 ആശുപത്രിയാക്കി മാറ്റാൻ തീരുമാനിച്ച സമയം ആശുപത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ എൻഡ് മോഡ് വെന്റിലേറ്ററും പോർട്ടബിൾ എക്സ്റേയും തുടങ്ങിയ സജ്ജീകരണങ്ങൾക്ക് സാമ്പത്തിക സഹായമായി കാസർകോട്ട് കലക്ടറെ അങ്ങോട്ടു വിളിച്ച് ബന്ധപ്പെട്ട് എംപി ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ സഹായം നല്കിയതും ബദിയടുക്കാ, മൂളിയാർ. ചെറുവത്തൂർ, പെരിയ , മംഗൽപ്പാടി എന്നീ സ്ഥലങ്ങളിലെ സിഎച്ച്സി സെന്ററുകളില്‍ ഡയാലിസിസ് ചെയ്യാൻ വേണ്ട ഉപകരണങ്ങൾക്കായി 29.25 ലക്ഷം എംപി ഫണ്ട് അനുവദിച്ചതിനും കാരണമായതിനും പിന്നിൽ ഒരൊറ്റ വികാരം മാത്രം – മനുഷ്യത്വം.
എണ്ണിപ്പറയാൻ തുടങ്ങിയാൽ തീരില്ല ആ ലിസ്റ്റ് . ഇതൊക്കെ ഇപ്പോൾ ഓർക്കാൻ കാരണം ജില്ല മാറി എം.എൽ.എയെ വിളിക്കുന്നത് ഈ പ്രബുദ്ധ കേരളത്തിൽ ചെവിക്കല്ല് നോക്കി തല്ല് കിട്ടേണ്ടുന്ന ഒരു മഹാപാതകമാണെന്നു അറിയാതെപോയ ഒരു പതിനഞ്ചുകാരന്റെ ഓഡിയോ കോൾ .
മനുഷ്യൻ മനുഷ്യനാവുന്നത് കേവലം വോട്ടു കൊണ്ടല്ല. അതിരു തിരിച്ച് മാത്രം ജനസേവനം നടത്തുന്ന ഊളത്തരത്തിന്റെ പേരാണ് എം.എൽ. എ പദവിയെന്നു പഠിപ്പിച്ച മഹാന് നല്ല നമസ്കാരം.
മനുഷ്യനെ മനുഷ്യനായി മാത്രം കാണാൻ കഴിയുന്ന മാനവികതയുടെ , നിറഞ്ഞ സ്നേഹത്തിന്റെ പേരാകുന്നു ശ്രീ. സുരേഷ് ഗോപി. അതിരുകൾ തിരിച്ച് സേവനം നല്കുന്ന, പതിനഞ്ചുവയസ്സുള്ള ഒരു കുഞ്ഞിനെ നിർദാക്ഷിണ്യം അവഹേളിക്കുന്ന പ്രാകൃത മനസ്സിന്റെ പേര് മെയിൽ ജോസഫൈനെന്നും.
Post Your Comments