തൃശൂര്‍: വനിതാ കമ്മീഷനെതിരെ മയൂഖ ജോണി രംഗത്ത്. മുരിങ്ങൂര്‍ പീഡനക്കേസിലെ മെല്ലെപ്പോക്കിനെതിരെയാണ് കായികതാരം രംഗത്തെത്തിയത്. വനിതാ കമ്മീഷന്‍ സ്വാധീനത്തിന് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കായികതാരം വിമർശിച്ചു. പ്രസ്തുത വിഷയത്തിൽ പരാതി നല്‍കിയിട്ടും കമ്മീഷന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും മയൂഖ ജോണി മാധ്യമങ്ങളോട് പറഞ്ഞു.
പീഡനക്കേസിലെ ഇരയുടെ മൊഴിയെടുക്കാന്‍ ഇന്ന് എത്തുമെന്ന് അറിയിച്ചതല്ലാതെ മറ്റൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് മയൂഖ ജോണി വിമർശനം ഉന്നയിച്ചു. കേസിലെ പ്രതി ചുങ്കത്ത് ജോണ്‍സണ്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിലാണ്. ഇതിനായി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുമുണ്ട്. ഈ സാഹചര്യസത്തിൽ പോലും വനിതാ കമ്മീഷൻ കൃത്യമായി ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്നും ഇരയുടെ സുഹൃത്തും കായിക താരവുമായ മയൂഖ ജോണി പറഞ്ഞു.
അതേസമയം, പ്രതി ജോണ്‍സന്റെ കുടുംബത്തില്‍ നിന്നും അന്വേഷണ സംഘം ശനിയാഴ്ച മൊഴിയെടുത്തിരുന്നു. പീഡനത്തിനിരയായ യുവതിയുടെ മൊഴി അന്വേഷണ സംഘം ഇപ്പോൾ പരിശോധിക്കുകയാണ്. യുവതിയുടെ മൊഴിയില്‍ കൂടുതല്‍ സാഹചര്യ തെളിവുകള്‍ വിശദീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍പ്പേരുടെ മൊഴികള്‍ പൊലീസ് രേഖപ്പെടുത്തും. കേസ് അട്ടിമറിച്ചത് സംബന്ധിച്ച് മയൂഖ ജോണി ഉന്നയിച്ച ആരോപണങ്ങളില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണവും നടന്നു വരികയാണ്.
2016ലാണ് മയൂഖ ജോണിയുടെ ചാലക്കുടി മുരിങ്ങൂർ സ്വദേശിനിയായ സുഹൃത്ത് പീഡനത്തിനിരയായത്. സുഹൃത്തിനെ ചുങ്കത്ത് ജോൺസൺ വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നു വെന്നാണ് കേസ്.
Post Your Comments