കൊച്ചി: സംസ്ഥാനത്ത് കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലും വൈദ്യുതി ബില്ല് കുടിശിക വരുത്തിയ ഉപഭോക്താക്കൾക്ക് ഉടൻ തന്നെ കണക‍്ഷൻ വിഛേദിക്കാനുള്ള നോട്ടിസ് നൽകാൻ കെഎസ്ഇബി നിർദേശം. 15 ദിവസത്തെ നോട്ടിസ് കാലാവധി കഴിയുന്നതോടെ കുടിശികയുള്ളവരുടെ കണക‍്ഷൻ വിഛേദിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർമാർക്ക് അറിയിപ്പ് നൽകിയത്.
ലോക്ക്ഡൗൺ കാലത്ത് വൈദ്യുതി കണക‍്ഷൻ വിഛേദിക്കില്ലെന്നായിരുന്നു സർക്കാർ മുൻപ് നൽകിയ വാഗ്ദാനം. ആദ്യ ലോക്ക്ഡൗൺ സമയത്ത് കണക‍്ഷൻ വിഛേദിക്കാൻ നോട്ടിസ് നൽകിയെങ്കിലും ജനങ്ങളുടെ പരാതികളും വിമർശനങ്ങളും ഉയർന്നതോടെ തീരുമാനം പിൻവലിക്കുകയായിരുന്നു. തുടർന്ന് ബില്ല് അടയ്ക്കാനുള്ള സമയം നീട്ടി ഗഡുക്കളായി അടയ്ക്കാൻ അവസരം നൽകുകയും ചെയ്തു.
അതേസമയം, ബില്ലിൽ കുടിശിക വരുത്തിയ ഉപയോക്താക്കൾ ആവശ്യപ്പെട്ടാൽ തുക അടയ്ക്കാൻ സാവകാശം നൽകുകയോ തവണകളായി അടയ്ക്കാൻ അനുവദിക്കുകയോ ചെയ്യുമെന്ന് സംസ്ഥാന വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള വ്യക്തമാക്കി. ഈ ആനുകൂല്യങ്ങൾ ആവശ്യമില്ലാത്തവർ പണം അടച്ചേ മതിയാവൂ എന്നും ഉപയോക്താക്കൾ അനിശ്ചിതമായി തുക അടയ്ക്കാതിരുന്നാൽ ബോർഡിനു മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments