കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്തിൽ അറസ്റ്റിലായ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ഭാര്യയ്ക്ക് കസ്റ്റംസ് നോട്ടീസ് അയച്ചു. അർജുന്റെ ഭാര്യ അമല അർജുനാണ് കസ്റ്റംസ് നോട്ടീസ് അയച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയുവാൻ ചൊവ്വാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണു അമലയ്ക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
അതേസമയം, സ്വർണക്കടത്ത് കേസിൽ ടി പി വധക്കേസ് പ്രതികൾക്കും ബന്ധമുണ്ടെന്ന് കസ്റ്റംസ് കസ്റ്റഡിയിൽ ഇരിക്കെ ചോദ്യം ചെയ്യലിൽ അർജുൻ ആയങ്കി മൊഴി നൽകി. കൊടി സുനി,ഷാഫി തുടങ്ങിയവരുടെ സഹായം ലഭിച്ചുവെന്നും തക്കതായ പ്രതിഫലം ടി.പി പ്രതികള്‍ക്ക് നല്‍കിയെന്നും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ അര്‍ജുന്‍ വെളിപ്പെടുത്തി. ഒളിവില്‍ കഴിയാന്‍ കൊടി സുനിയുടേയും ഷാഫിയുടേയും സഹായം ലഭിച്ചെന്നും അര്‍ജുന്‍ പറഞ്ഞു.
അര്‍ജുന്‍ ആയങ്കിയുമായുള്ള തെളിവെടുപ്പിനൊരുങ്ങുകയാണ് കസ്റ്റംസ്. കണ്ണൂരില്‍ എത്തിച്ചാണ് തെളിവെടുപ്പ്. സിപിഎം നിയന്ത്രണത്തിലേക്കുള്ള പാര്‍ട്ടി ഗ്രാമത്തിലേക്ക് അന്വേഷണം നീളുമോയെന്ന ആകാംക്ഷയിലാണ് കേരളം. അഴീക്കോട്ടെ വീട്ടിലും കാര്‍ ഒളിപ്പിച്ച സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടക്കും. ആയങ്കിയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് പറയുന്ന സ്മാര്‍ട്ട് ഫോണ്‍ വീണ്ടെടുക്കുകയാണ് തെളിവെടുപ്പിന്റെ ലക്ഷ്യം. ഇതിലെ വാട്സ്‌ആപ്പ് ചാറ്റുകളും വോയ്‌സ് ക്ലിപ്പുകളും കേസില്‍ കൂടുതല്‍ പേരുടെ ഇടപെടല്‍ തെളിയിക്കുന്നതാകുമെന്ന നിഗമനത്തിലാണ് കസ്റ്റംസിന്റെ നീക്കം. ഈ മാസം 6 വരെയാണ് അര്‍ജുന്‍ ആയങ്കിയെ ചോദ്യം ചെയ്യലിന്നായി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്.
Post Your Comments