ഡെറാഡൂൺ: കോവിഡ് മൂലം അനാഥരായ 100 കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറായി ജയ് ശര്‍മ എന്ന സാമൂഹ്യപ്രവർത്തകൻ രംഗത്ത്. രാജ്യത്ത് കോവിഡ് മൂലം ഉണ്ടായിട്ടുള്ള നഷ്ടങ്ങൾ അനേകമാണ്. അതിലൊന്നാണ് പ്രിയപ്പെട്ട, താങ്ങും തണലുമായിരുന്ന മനുഷ്യരുടെ നഷ്ടം. ആ നഷ്ടങ്ങളോടെ ജീവിക്കുന്ന 100 കുട്ടികളെയാണ് ജയ് ശർമ ഏറ്റെടുക്കാൻ തയ്യാറായിരിക്കുന്നത്. ഭയാനകമായ ഒരന്തീക്ഷമാണ് കോവിഡ് രാജ്യത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ആഹാരത്തിനു പോലും വകയില്ലാതെ ജോലി നഷ്ടപ്പെട്ട് അനേകം മനുഷ്യരാണ് ജീവിക്കുന്നത്.
Also Read:9 മാസമായി നവ്‌ജ്യോത് സിംഗ് സിദ്ദു വൈദ്യുതി ബില്‍ അടച്ചിട്ടില്ല: തുക കേട്ടാല്‍ ഞെട്ടും
കോവിഡ് 19 ന്റെ ഇരകൾ ഏറ്റവുമധികം കുട്ടികളാണ്. പലര്‍ക്കും സ്വന്തം മാതാപിതാക്കളെ നഷ്ടമായിട്ടുണ്ട്. പല കുട്ടികളും തെരുവിലേയ്ക്ക് വലിച്ചെറിയപ്പെട്ടു. രാജ്യത്തുടനീളം അനാഥരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. അതുവഴി കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളും പെരുകിയിട്ടുണ്ട്. രാജ്യത്ത് അനാഥരാക്കപ്പെട്ട കുട്ടികൾക്ക് കൃത്യമായ പരിപാലനവും ലഭിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് അനാഥരായ 100 കുട്ടികളെ ദത്തെടുക്കാന്‍ ജയ് ശര്‍മ പദ്ധതിയിടുന്നത്.
ജയ് ശർമ ഡെറാഡൂൺ നഗരത്തിലെ ജോയ് (ജസ്റ്റ് ഓപ്പണ്‍ യുവര്‍സെല്‍ഫ്) എന്ന പേരില്‍ ഒരു എന്‍ജിഒ നടത്തുകയാണ് ഇരുപതോളം കുട്ടികളെ ഇതിനോടകം തന്നെ ആ സ്ഥാപനം ദത്തെടുത്തിട്ടുണ്ട്. ഇപ്പോള്‍ അവരെ കൂടാതെ 100 കുട്ടികളെ കൂടി ദത്തെടുക്കുന്നതിനുള്ള പ്രചരണമാണ് ആരംഭിച്ചിരിക്കുന്നത്. “കൊവിഡ്-19 ന്റെ രണ്ടാം തരംഗം ആരംഭിച്ച് ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍, മാതാപിതാക്കള്‍ നഷ്ടമായ അത്തരം അഞ്ച് കുടുംബങ്ങളെ ഞങ്ങള്‍ കണ്ടുമുട്ടി. ആ കുട്ടികള്‍ വീടുകളില്‍ തനിച്ചായിരുന്നു. വെറും നാലും അഞ്ചും വയസ്സുള്ളവരും അക്കൂട്ടത്തിലുണ്ട്. ഏറ്റവും മൂത്ത കുട്ടിയ്ക്ക് വയസ്സ് പന്ത്രണ്ടാണ്. അവരെ കണ്ടുമുട്ടിയതോടെയാണ് ഇത് അനിവാര്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നിയത്. ഇപ്പോള്‍ അത്തരം നിരവധി കേസുകളാണ് ഞങ്ങളെ തേടി എത്തുന്നത്” എന്‍ജിഒയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെയാണ് ജയ് ശർമ്മ പറഞ്ഞത്.
നിലവിലെ സാഹചര്യത്തിൽ കുട്ടികള്‍ക്ക് വേണ്ട ആഹാരവും, മരുന്നുകളും ബാക്കി എല്ലാ സൗകര്യങ്ങളും ജോയ് എന്ന എന്‍ജിഒ ചെയ്തു കൊടുക്കുന്നു. കുട്ടികളില്‍ രണ്ടുപേര്‍ മാത്രമാണ് ഡെറാഡൂണില്‍ നിന്നുള്ളതെന്നും ബാക്കിയുള്ളവര്‍ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും ജയ് ശർമ കൂട്ടിച്ചേര്‍ത്തു. “ഒരാഴ്ചയ്ക്കുള്ളില്‍, 50 കുട്ടികളെ ദത്തെടുക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ കുട്ടികളെ നോക്കാന്‍ സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും” അദ്ദേഹം പറഞ്ഞു. ഈ സംഘം അനേകം ഗ്രാമങ്ങളിലേക്ക് യാത്രകള്‍ നടത്തുന്നു. അനാഥരായിത്തീര്‍ന്ന കുട്ടികളെ സഹായിക്കുന്നതിനായി ഗ്രാമമുഖ്യരുമായി അവര്‍ നിരന്തരം ബന്ധപ്പെടുന്നു. അടുത്തകാലത്ത് നടന്ന ഒരു സര്‍വ്വേയില്‍ ദില്ലിയില്‍ മാത്രം കൊറോണ വൈറസ് മൂലം രണ്ടായിരത്തിലധികം കുട്ടികള്‍ക്ക് മാതാവിനെയോ പിതാവിനെയോ നഷ്ടപ്പെട്ടതായി പറയുന്നു. കൂടാതെ 67 പേര്‍ക്ക് രണ്ടുപേരെയും നഷ്ടപ്പെട്ടതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, അനാഥരായ കുട്ടികളെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ അനേകം പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കുട്ടികളുടെ ഈ പ്രശ്നങ്ങൾ വൈകാതെ തന്നെ അവസാനിക്കുമെന്നാണ് അധികൃതർ കരുതുന്നത്. ജയ് ശർമ്മയെ പോലെയുള്ള മനുഷ്യരുടെ ഇത്തരത്തിലുള്ള കടന്നുവരവ്, സർക്കാരിനും കൂടുതൽ സഹായകമാകും.
Post Your Comments