പാലക്കാട്: രാഷ്ട്രീയ പകപോക്കലിൽ പ്രതികരിച്ച് സര്‍ക്കാരുമായി ഉണ്ടാക്കിയ 3,500 കോടിയുടെ ധാരണാപത്രത്തില്‍ നിന്ന് പിന്മാറുന്ന കിറ്റെക്സിന് ഉത്തര്‍പ്രദേശില്‍ വ്യവസായം തുടങ്ങാനുള്ള അവസരം വാഗ്ദാനം ചെയ്ത് ബി.ജെ.പി. ബിജെപി ഉപാദ്ധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണനാണ് ചാനല്‍ ചര്‍ച്ചയില്‍ കിറ്റെക്സിന് സഹായ വാഗ്ദാനം നല്‍കിയത്. കിറ്റെക്സ് താല്പര്യപ്പെട്ടാൽ ഉത്തര്‍പ്രദേശ് പോലെ ബിജെപി ഭരിക്കുന്ന ഏതെങ്കിലും വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ അവസരം നല്‍കാന്‍ സഹായ സഹകരണങ്ങൾ നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി.
കിറ്റെക്സിനെതിരേ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ പേരിലുള്ള വേട്ടയാടലുകളാണെന്നും രാധാകൃഷ്ണൻ പറഞ്ഞു. കമ്പനിക്കെതിരെ നടക്കുന്ന വേട്ടയാടലുകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പട്ടു. രാഷ്ട്രീയ പ്രതിയോഗിയെ നേരിടേണ്ടത് ജനാധിപത്യപരമായാണ് എന്നും എ.എന്‍.രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് വ്യവസായ സൗഹൃദ സാഹചര്യം ഇല്ലെന്നും സർക്കാർ വേട്ടയാടുകയാണെന്നും കാരണങ്ങളില്ലാതെ 11 തവണ കമ്പനിയില്‍ നടത്തിയ റെയ്ഡ് ദ്രോഹമാണെന്നും ആരോപിച്ച് കിറ്റെക്സ് സര്‍ക്കാരുമായുള്ള 3500 കോടിയുടെ കരാര്‍ പദ്ധതി ഒഴിവാക്കിയതിന് പിന്നാലെയാണ് സഹായ വാഗ്ദാനവുമായി ബിജെപി രംഗത്ത് വന്നിരിക്കുന്നത്. ബി.ജെ.പി. ഭരിക്കുന്ന യു.പിയില്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണുള്ളതെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി.
Post Your Comments