ന്യൂഡല്‍ഹി: കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ട്വിറ്ററിന്റെ ഭൂപടത്തില്‍ വേറേ രാജ്യം. ഇന്ത്യയുടെ വികലമായ ഭൂപടം പ്രസിദ്ധീകരിച്ചതിനെതിരേ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടിക്കു തയാറെടുത്തതിനു പിന്നാലെ വിവാദ ഭൂപടം നീക്കി ട്വിറ്റര്‍ തലയൂരി. ജമ്മു കശ്മീരിന്റെ ഭാഗമായ ലേ കഴിഞ്ഞ വര്‍ഷം ചൈനയുടേതായി ചിത്രീകരിച്ചതിനു കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായ താക്കീതു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രകോപനം.
പുതിയ ഡിജിറ്റല്‍ മാധ്യമ ചട്ടങ്ങള്‍ പാലിക്കാന്‍ വിമുഖത കാട്ടുന്നതിന്റെ പേരില്‍ ട്വിറ്റർ കേന്ദ്ര സര്‍ക്കാറിനെ പ്രകോപിപ്പിക്കുന്നുണ്ട്. ട്വീപ്പ് ലൈഫ് വിഭാഗത്തിലാണു ജമ്മു കശ്മീരും ലഡാക്കുമില്ലാതെ ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ചത്. ഒരു ഉപയോക്താവ് ഇതു ചൂണ്ടിക്കാട്ടിയതോടെ ട്വിറ്ററിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. പ്രതിഷേധം ശക്തമായതോടെ വിവാദഭൂപടം രാത്രിയോടെ ട്വിറ്റര്‍ വെബ്സൈറ്റില്‍നിന്നു പിന്‍വലിച്ചു. അതേസമയം പരാതിപരിഹാരത്തിന് ഇന്ത്യയില്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നതടക്കമുള്ള ചട്ടങ്ങളോടാണു ട്വിറ്റര്‍ മുഖംതിരിച്ചു നില്‍ക്കുന്നത്.
ചട്ടങ്ങള്‍ പാലിക്കാത്ത ട്വിറ്ററിന് മാധ്യമമെന്ന നിയമപരിരക്ഷ നഷ്ടപ്പെട്ടെന്നു കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു. ഒരു മുസ്ലിം വയോധികനെ ചിലര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മതസ്പര്‍ധയ്ക്കിടയാക്കുന്ന തരത്തില്‍ വൈറലായതിനു പിന്നാലെ ട്വിറ്ററിനെതിരേ ഏതാനും ദിവസം മുമ്ബ് യു.പി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പകര്‍പ്പവകാശ നിയമം ലംഘിച്ചെന്നാരോപിച്ച് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഒരു മണിക്കൂറോളം മരവിപ്പിച്ചതു പുതിയ പ്രകോപനമായി. എ.ആര്. റഹ്മാന്റെ ഒരു ഗാനം അദ്ദേഹം ട്വിറ്ററിലിട്ടതിനെതിരേ പരാതി ലഭിച്ചതായിരുന്നു കാരണം.
തനിക്കും സമാനമായ അനുഭവങ്ങളുണ്ടായെന്ന് ഐടി പാര്‍ലമെന്ററി സമിതി അധ്യക്ഷനായ ശശി തരൂരും വെളിപ്പെടുത്തി. അഭിപ്രായസ്വാതന്ത്ര്യമടക്കം ചൂണ്ടിക്കാട്ടിയാണ് ഐടി ചട്ടങ്ങളെ ട്വിറ്റര്‍ എതിര്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദം ശക്തമായതോടെ പരാതി പരിഹാര ഉദ്യോഗസ്ഥനായി ഡല്‍ഹിയിലെ ഒരു നിയമ സ്ഥാപനത്തിന്റെ പങ്കാളിയായ ധര്‍മേന്ദ്ര ചതുറിനെ ഇടക്കാലത്തേക്കു നിയമിച്ചിരുന്നു.
കമ്പനിക്കു പുറത്തുള്ള വ്യക്തിയുടെ നിയമനം സ്വീകാര്യമല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ അദ്ദേഹം ഞായറാഴ്ച രാജിവച്ചു.തുടര്‍ന്ന്, യു.എസ്. ആസ്ഥാനമായ ഗ്ലോബല്‍ ലീഗല്‍ പോളിസി ഡയറക്ടര്‍ ജറമി കെസലിനു നിയമനം നല്കി. പരാതി പരിഹാര ഓഫീസര്‍ ഇന്ത്യയില്‍ താമസിക്കുന്നയാളാകണമെന്ന വ്യവസ്ഥ പാലിക്കാത്തതിനാല്‍ അതും സര്‍ക്കാര്‍ അംഗീകരിക്കാനിടയില്ല.
Post Your Comments