കൊച്ചി: ഭർതൃവീട്ടിലെ പീഡനത്തെത്തുടർന്ന് കൊല്ലത്ത് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരൻ വിജിത്തിനെ വിമർശിച്ച് നടൻ ഷിയാസ് കരീം രംഗത്തെത്തിയിരുന്നു. വിസ്മയയുടെ സഹോദരന്‍ യൂ ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോസിനെതിരെയായിരുന്നു ഷിയാസിന്റെ വിമർശനം. ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധയിൽ പെട്ട വിജിത്ത് ക്ഷമ ചോദിച്ച് രംഗത്ത് വന്നതോടെ ഷിയാസും തന്റെ പോസ്റ്റ് നീക്കം ചെയ്തു. എന്തുകൊണ്ടാണ് അത്തരമൊരു പോസ്റ്റ് ഇടാനുണ്ടായതെന്ന് വനിതയോട് വിശദമാക്കുന്ന ഷിയാസ്.
‘അദ്ദേഹം ക്ഷമ ചോദിച്ച് എനിക്ക് മെസേജ് അയച്ചു. വിഡിയോസ് മാറ്റി. തുടർന്നാണ് പോസ്റ്റ് നീക്കം ചെയ്തത്. സ്വന്തം പെങ്ങൾ പീഡനമേറ്റ് മരിച്ച്, ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം ഇങ്ങനെ ബി.ജി.എം ഒക്കെ ചേർത്ത് ആ കുട്ടിയുടെ വിഡിയോ പോസ്റ്റ് ചെയ്തത് ശരിയാണെന്ന് എനിക്കു തോന്നിയില്ല. ആദ്യം ഞാൻ അദ്ദേഹത്തെ കോണ്ടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. നമ്പർ കിട്ടിയില്ല. ഒടുവിൽ ഈ പോസ്റ്റ് കണ്ടെങ്കിലും അതു മാറ്റട്ടേ എന്നു കരുതിയാണ് ഞാൻ ഫെയ്സ്ബുക്കിൽ അതേക്കുറിച്ച് എഴുതിയത്’, ഷിയാസ് പറയുന്നു.
സ്വന്തം പെങ്ങൾ ക്രൂരമായ രീതിയിൽ പീഡനം അനുഭവിച്ച് ആത്മഹത്യ ചെയ്തിട്ട് കൃത്യം 4 ദിവസം കഴിഞ്ഞു വീഡിയോസ് ഒക്കെ എടുത്ത് ബിജിഎം ഇട്ടു പോസ്റ്റ് ചെയ്യാൻ ഒരു സഹോദരന് എങ്ങനെ കഴിയുന്നുവെന്നായിരുന്നു ഷിയാസിന്റെ ചോദ്യം. ഇതിനു ക്ഷമ പറഞ്ഞ് വിജിത്ത് രംഗത്തെത്തി. വീഡിയോ പോസ്റ്റ് ചെയ്തത് താനായിരുന്നില്ലെന്നും തന്റെ സുഹൃത്താണ് അത് ചെയ്തതെന്നും വിജിത്ത് വ്യക്തമാക്കി. മാദ്ധ്യമങ്ങളിലെ ചർച്ചകൾ അവസാനിക്കുമ്പോൾ തനിക്ക് പറയാനുള്ളത് പറയാൻ വേണ്ടി തന്റെ പെങ്ങളെ സ്‌നേഹിക്കുന്നവർ കാണുന്ന ഒരു പ്ലാറ്റ്‌ഫോം കിട്ടുമെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്നും അതിൽ തെറ്റുണ്ടെന്ന് കരുതിയില്ലെന്നും വിജിത്ത് വിശദമാക്കിയിരുന്നു.
Post Your Comments