കൊച്ചി: വിസ്മയയുടെ ദുരൂഹ മരണത്തില്‍ അസി.മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ഭര്‍ത്താവ് കിരണ്‍കുമാറിനെ പിരിച്ചുവിട്ടത് താത്ക്കാലികം മാത്രമാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.ബി.ആളൂര്‍. കിരണിനെ പിരിച്ചുവിട്ടെന്നുള്ള പ്രചാരണം ശരിയല്ല, മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ചേര്‍ന്നുള്ള രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ്
ഇതെന്ന് അഡ്വ.ബി ആളൂര്‍ പറഞ്ഞു.
കിരണ്‍കുമാറിനെ താത്ക്കാലികമായി പിരിച്ചുവിട്ടു എന്നുമാത്രമാണ് ഗതാഗതവകുപ്പ് കമ്മീഷണറുടെ ഉത്തരവിലുള്ളത്. ആക്ഷേപം ബോധിപ്പിക്കാന്‍ 15 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. സംഭവത്തില്‍ കിരണ്‍കുമാറിനോട് മറുപടി നല്‍കാനാണ് ഗതാഗതവകുപ്പ് കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. താത്ക്കാലിക ഉത്തരവാണ് ഇതെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ ഉത്തരവ് സ്ഥിരപ്പെടുത്തുമെന്നുമാണ് സൂചിപ്പിച്ചിട്ടുള്ളതെന്നും അഡ്വ.ആളൂര്‍ പറയുന്നു.
കിരണ്‍ വിഷയത്തില്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി മുഖ്യമന്ത്രിയുടെ ഒത്താശയോടെ ഗതാഗതവകുപ്പുമന്ത്രി ജനങ്ങളെ വിഡ്ഢികള്‍ ആക്കുന്നുവെന്നാണ് കിരണ്‍കുമാറിന്റെ അഭിഭാഷകനായ ആളൂരിന്റെ വാദം.
‘ആരോപണവിധേയനെതിരെയുള്ള കുറ്റം തെളിഞ്ഞിട്ടാണോ നടപടിയെടുത്തത് എന്ന വിഷയം പരിശോധിക്കപ്പെടണം. കുറ്റം തെളിയിക്കപ്പെടേണ്ടത് കോടതിയിലാണ്. കിരണ്‍കുമാറിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ കോടതി ഇടപെടലുകള്‍ ഉണ്ടായിട്ടില്ല’ – അഡ്വ.ബി ആളൂര്‍ പറയുന്നു.
‘വിസ്മയുടെ കുടുംബം മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും സ്വാധീനിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ഗതാഗതവകുപ്പ് കമ്മീഷണര്‍ നല്‍കിയിട്ടുള്ള ഉത്തരവിന് കിരണ്‍കുമാര്‍ നിയമപരമായി ഒരു മറുപടി തയ്യാറാക്കി നല്‍കണം. ഇതിനുശേഷമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ തീരുമാനിക്കാനാവില്ല’ ആളൂര്‍ വ്യക്തമാക്കി.
സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊല്ലം റീജണല്‍ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍കുമാറിനെ പിരിച്ചുവിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. നേരത്തെ കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Post Your Comments