മലപ്പുറം: ബുധനാഴ്ച വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റക്കെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ്. കേരളം ഐ.എസ്. റിക്രൂട്ടിങ് താവളമായി മാറുന്നുവെന്ന ബെഹ്റയുടെ പ്രസ്താവന കേരളത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങളെ മൊത്തം ഇതര മതവിശ്വാസികള്‍ സംശയത്തിന്റെ കണ്ണോടെ കാണുന്ന സാഹചര്യമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഐ.എസിന്റെ സ്ലീപ്പിംഗ് സെല്ലുകളുണ്ടെന്ന ബെഹ്റയുടെ പുതിയ കണ്ടെത്തല്‍ കേരള ബി.ജെ.പിയെ സഹായിക്കാനാണെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു.
ബെഹ്‌റ പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ആ സ്ലീപ്പിംഗ് സെല്ലുകള്‍ ആരുടേതാണ്, അത് മുസ്ലിം തീവ്രവാദ സംഘങ്ങളുടേതാണെങ്കിലും, ഹിന്ദുത്വ തീവ്രവാദ സംഘങ്ങളുടേതാണെങ്കിലും നമുക്കൊരുമിച്ച് ചെറുത്തു തോല്‍പ്പിക്കാം. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തുടര്‍ഭരണത്തിന്റെ ഹാങ്ങ് ഓവര്‍ വിട്ടുണര്‍ന്ന് ഇക്കാര്യത്തില്‍ ഇനിയെങ്കിലും പ്രതികരിക്കുമെന്ന് കരുതുന്നുവെന്നും’ അബ്ദുറബ്ബ് പറഞ്ഞു.
Also Read:കൊടകര അന്വേഷിച്ചപ്പോൾ ചെന്നെത്തിയത് രാമനാട്ടുകരയിലെ സഖാക്കളിൽ: പരിഹസിച്ച് കെ സുരേന്ദ്രൻ
‘ലോകനാഥ് ബെഹ്റ DGP യായ ശേഷം കേരളത്തിൽ നടന്ന കാസർഗോഡ് റിയാസ് മൗലവി വധം, കൊടിഞ്ഞി ഫൈസൽ വധം. പ്രമാദമായ രണ്ട് കൊലപാതകക്കേസുകളിലും പ്രതികൾ ആർ.എസ്.എസ് കാരായിരുന്നു. കാസർഗോഡ് തന്നെ പിഞ്ചു ബാലൻ്റ കഴുത്തറത്തു കൊന്നതിലും പ്രതികൾ ആർ.എസ്.എസ് കാരായിരുന്നു. കള്ളനോട്ട് കേസിലും, കുഴൽപ്പണക്കേസിലും പ്രതികൾ ആർ.എസ്.എസ് കാരും, ആർ.എസ്.എസ് മായി ബന്ധമുള്ളവരുമായിരുന്നു. ബോംബ് നിർമാണം, കള്ളത്തോക്ക് നിർമാണം, തുടങ്ങിയ തീവ്രവാദ-രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ വ്യാപകമായി പിടിക്കപ്പെട്ടതും ആർ.എസ്.എസ് കാരായിരുന്നു. പോലീസ് സ്റ്റേഷന് ബോംബെറിഞ്ഞതിനും, മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിലും കുറ്റക്കാർ ആർ.എസ്.എസ് കാരാണ്.
മലപ്പുറത്ത് ക്ഷേത്രത്തിൽ കയറി വിഗ്രഹങ്ങളെ മലിനമാക്കിയതിന് പിടികൂടപ്പെട്ടതും ആർ.എസ്.എസ് കാരനാണ്. പാർട്ടി സെക്രട്ടറിയായിരിക്കെ കൊടിയേരി ബാലകൃഷ്ണൻ്റെ വേദിക്കരികിലേക്ക് ബോംബെറിഞ്ഞതും ആർ.എസ്.എസ് കാരായിരുന്നു. ശശികല ടീച്ചറും, ഡോ. എൻ. ഗോപാലകൃഷ്ണനുമടക്കം കേരളത്തിൽ വർഗ്ഗീയ വിദ്വേഷം പ്രസംഗിച്ചു നടക്കുന്നവരൊക്കെയും ആർ.എസ്.എസ് കാരാണ്. സ്വാമി സാന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതും ആർ.എസ്.എസ് കാരാണ്. ആർ.എസ്.എസ് പ്രതിക്കൂട്ടിലാക്കപ്പെടുന്ന പല കേസുകളിലും അവർ മാനസിക രോഗികളാണെന്ന പേരിൽ രക്ഷപ്പെടുന്ന സ്ഥിതിയും ഈ കേരളത്തിലുണ്ട്.
വർഗീയ വിദ്വേഷം നിരന്തരം വമിപ്പിച്ചിട്ടും, നോട്ടുകെട്ടുകളെറിഞ്ഞിട്ടും, തലകുത്തി മറിഞ്ഞിട്ടും കേരളത്തിൽ ക്ലച്ച് പിടിക്കാതെ വട്ടപ്പൂജ്യമാണ് ബിജെപി. ഈ കേരളത്തിൽ ഐ.എസിൻ്റെ സ്ലീപ്പിംഗ് സെല്ലുകളുണ്ടെന്ന ബെഹ്റയുടെ പുതിയ കണ്ടെത്തൽ വിഷയ ദാരിദ്ര്യം നേരിടുന്ന കേരള ബിജെപിയെ സഹായിക്കാനാണ്. ബിജെപിയിൽ ചേക്കേറി കഴിഞ്ഞാൽ ഏത് മെട്രോമാനെയും നാലും കൂട്ടി വലിച്ചെറിയുന്ന പ്രബുദ്ധ കേരളം. ഇല്ലാക്കഥകൾ കൊണ്ടൊന്നും ഈ നാടിനെ നിങ്ങൾക്ക് വെട്ടിമുറിക്കാനാവില്ല, കീഴ്പ്പെടുത്താനുമാവില്ല. ഇന്ത്യയിലെ മറ്റൊരിടത്തും ഇല്ലാത്തത്ര ശാന്തിയും സമാധാനവുമുള്ള നാടാണ് ഈ കൊച്ചു കേരളം.
ഈ കേരളത്തിൻ്റെ ഇടനെഞ്ചിലേക്ക് കനൽ കോരിയിട്ടാണ് ഒരു ഡി.ജി.പി പടിയിറങ്ങിപ്പോകുന്നത്. കേരളത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങളെ മൊത്തം ഇതര മതവിശ്വാസികൾ സംശയത്തിൻ്റെ കണ്ണോടെ കാണുന്ന സാഹചര്യം ഈയടുത്ത കാലത്തായി കേരളത്തിൽ സംജാതമായിട്ടുമുണ്ട്. ബെഹ്റ പറഞ്ഞ കാര്യങ്ങളിൽ കഴമ്പുണ്ടോ, പരിശോധിക്കണം. ആ സ്ലീപ്പിംഗ് സെല്ലുകൾ ആരുടേതാണ്, അത് മുസ്ലിം തീവ്രവാദ സംഘങ്ങളുടേതാണെങ്കിലും, ഹിന്ദുത്വ തീവ്രവാദ സംഘങ്ങളുടേതാണെങ്കിലും നമുക്കൊരുമിച്ച് ചെറുത്തു തോൽപ്പിക്കാം. ആഭ്യന്തരവകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി തുടർ ഭരണത്തിൻ്റെ ഹാങ്ങ് ഓവർ വിട്ടുണർന്ന് ഇക്കാര്യത്തിൽ ഇനിയെങ്കിലും പ്രതികരിക്കുമെന്ന് കരുതുന്നു’, അബ്ദുറബ്ബ് കുറിച്ചു.
Post Your Comments