തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവർക്കും പ്രത്യേക പരിഗണനകൾ ഇല്ലാതെ കോവിഡ് വാക്സിൻ ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതേസമയം വിവിധ സര്‍ക്കാര്‍ ഉത്തരവുകൾ പ്രകാരം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിഭാഗങ്ങളുടെ മുന്‍ഗണന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
വാക്സിനേഷനായി കോവിന്‍ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് സ്ലോട്ട് തെരഞ്ഞെടുക്കേണ്ടതാണെന്നും, രജിസ്റ്റര്‍ ചെയ്യാതെ വാക്‌സിനേഷന്‍ സെന്ററുകളില്‍ തിരക്ക് കൂട്ടരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. കേന്ദ്രത്തിൽനിന്നും വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് വാക്‌സിനേഷന്റെ എണ്ണം പരമാവധി കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തിന് 1,56,650 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായിട്ടുണ്ടെന്നും ഇതോടെ സംസ്ഥാനത്ത് 1,30,38,940 ഡോസ് വാക്സിനാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒന്നും രണ്ടും ഡോസുകളിലായി പത്ത് ലക്ഷത്തിന് മുകളിൽ ഡോസ് വാക്സിൻ എടുത്തതായും മന്ത്രി അറിയിച്ചു.
Post Your Comments