ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ എട്ടിന ദുരിതാശ്വാസ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. ധനമന്ത്രി നിർമലാ സീതാരാമനാണ് പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക-ആരോഗ്യ മേഖലകൾക്കാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ നാല് പദ്ധതികൾ പുതിയതും ഒരെണ്ണം ആരോഗ്യ അടിസ്ഥാന സൗകര്യത്തെ ലക്ഷ്യമിട്ടുള്ളതാണെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.
കോവിഡ് ബാധിത മേഖലകൾക്കായി 1.1 ലക്ഷം കോടി രൂപയുടെ വായ്പ ഗ്യാരന്റി പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. 50000 കോടി രൂപയുടെ സഹായമാണ് ആരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യത്തിനായി മാറ്റിവെച്ചിരിക്കുന്നത്. പുതിയ പദ്ധതിയായ ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീമിന് കീഴിൽ 25 ലക്ഷം പേർക്ക് പ്രയോജനം ലഭിക്കും. ഈ വായ്പ മൈക്രോഫിനാൻസ് സ്ഥാപനങ്ങളിലൂടെ ലഭ്യമാക്കും. പരമാവധി 1.25 ലക്ഷം രൂപയാണ് വായ്പയായി ലഭിക്കുക. ആരോഗ്യ മേഖലയ്ക്ക് 7.95 ശതമാനവും മറ്റുമേഖലകൾക്ക് 8.25 ശതമാനവുമാണ് പലിശനിരക്കെന്നും ധനമന്ത്രി വ്യക്തമാക്കി.
Post Your Comments