
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം വൻ അഴിച്ചുപണിക്കൊരുങ്ങുന്നു. ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുമ്പോൾ ഇന്ത്യയുടെ മധ്യനിരയിലാണ് മാറ്റങ്ങൾ വരുന്നത്. മോശം ഫോമിലുള്ള ചേതേശ്വർ പുജാരയ്ക്ക് ടീമിലുള്ള സ്ഥാനം നഷ്ടമാകും. കെഎൽ രാഹുലും ഹനുമ വിഹാരിയും ടീമിൽ ഇടം നേടാനാണ് സാധ്യത.
മധ്യനിരയിൽ മാറ്റം വരുമ്പോൾ കോഹ്ലി നാലാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്ക് കയറും. നിലവിൽ ഓപ്പണർ റോളിൽ കളിച്ചു കൊണ്ടിരിക്കുന്ന യുവതാരം ശുഭ്മാൻ ഗിൽ മധ്യനിരയിലേക്ക് എത്തും. രാഹുലോ മായങ്ക് അഗർവാളോ രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങും.
ഓൾറൗണ്ടർ റോളിലേക്ക് ഷർദ്ദുൾ താക്കൂർ എത്തും. ഒരു പേസ് ഓൾറൗണ്ടറിനെ ഇന്ത്യ ഏറെ ആഗ്രഹിക്കുന്ന സാഹചര്യത്തിലാണിത്. ഫൈനലിൽ ഓൾറൗണ്ടറിന്റെ ക്ഷീണം ഇന്ത്യൻ നിരയിൽ വ്യക്തമായിരുന്നു. അങ്ങനെ സംഭവിച്ചാൽ ഒരു പക്ഷെ ഇംഗ്ലണ്ടിൽ ജഡേജയ്ക്ക് പുറത്തിരിക്കേണ്ടി വന്നേക്കും. ഓസീസ് മണ്ണിലെ പ്രകടനം താക്കൂറിന് തുണയാകും.
Read Also:- ക്വാർട്ടർ ഉറപ്പിക്കാൻ ക്രൊയേഷ്യയും സ്പെയിനും ഇന്നിറങ്ങും
പേസ് നിരയിലേക്ക് മുഹമ്മദ് സിറാജ് മടങ്ങിയെത്താനും സാധ്യതയുണ്ട്. അരങ്ങേറ്റ മത്സരം മുതൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് സിറാജ് കാഴ്ചവയ്ക്കുന്നത്. മോശം ഫോമിലുള്ള ജസ്പ്രീത് ബുംറയെ ഇന്ത്യ മാറ്റി നിർത്തുമോ എന്നതാണ് ഇന്ത്യൻ ആരാധകർ ഉറ്റുനോക്കുന്നത്.
Post Your Comments