കൊച്ചി: തനിക്ക് വിദേശ ബന്ധമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമമെന്ന് സിനിമാ പ്രവർത്തക ഐഷ സുൽത്താന. തനിക്ക് വിദേശ ബന്ധമുണ്ടെന്ന രീതിയിലുള്ള ചോദ്യങ്ങളായിരുന്നു പോലീസ് ചോദിച്ചിരുന്നതെന്ന് രാജ്യദ്രോഹകുറ്റത്തിന് കവരത്തി പോലീസ് കേസെടുത്ത ഐഷ പറയുന്നു. പോലീസിന്റെ ചോദ്യങ്ങളും അന്വേഷണങ്ങളും തനിക്ക് വിദേശബന്ധമുണ്ടെന്ന തരത്തിലായിരുന്നുവെന്നും ഐഷ മനോരമ ന്യൂസിന്റെ നേരെ ചൊവ്വെയിൽ വ്യക്തമാക്കി. ലക്ഷദ്വീപ് ജനതക്ക് പിന്തുണ നൽകിക്കൊണ്ടുള്ള സമരത്തെ വിമർശിച്ച ബി.ജെ.പി നേതാവ് എ.പി അബ്‌ദുള്ളക്കുട്ടിയെയും ഐഷ രൂക്ഷമായി വിമർശിച്ചു.
‘തനിക്ക് വിദേശ ബന്ധമുണ്ടെന്ന് വരുത്താൻ ശ്രമം, പോലീസ് ചോദിച്ച ചോദ്യങ്ങളെല്ലാം ആ തരത്തിലുള്ളതായിരുന്നു. സമരത്തെ പാകിസ്ഥാനുമായി ബന്ധപ്പെടുത്തിയത് അബ്ദുള്ളക്കുട്ടി ആണ്. ആയാലും ഒരു മുസ്ലിം ആണ്. സമരം പാകിസ്ഥാനിൽ ആഘോഷിച്ചുവെന്ന് പറയുമ്പോൾ അയാൾക്ക് ആണ് പാകിസ്ഥാനുമായി ബന്ധമുള്ളത്. എനിക്കല്ല. യഥാർത്ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാൻ ചില ആളുകൾ എന്നെ ഒരു ടൂൾ ആയി ഉപയോഗിച്ചു. അതോടെ, എന്നെ ആക്രമിക്കുന്നതിലേക്ക് കാര്യങ്ങൾ പോയി. മാധ്യമ ശ്രദ്ധ എന്നിലേക്ക് വന്നു. അവരുടെ ആവശ്യം ഇതൊക്കെയായിരുന്നു. ലക്ഷദ്വീപിലെ കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞാൽ എനിക്ക് ശരിക്കും ദേഷ്യം വരും. നുണകൾ കേട്ടുകൊണ്ടിരിക്കേണ്ട ആവശ്യം എനിക്കില്ല’, ഐഷ പറയുന്നു.
Also Read:കണ്ണിന്റെ ആരോഗ്യത്തിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
‘ഞങ്ങൾക്കാർക്കും ഈ രീതിയിൽ പ്രതികരിക്കേണ്ടി വന്നിട്ടില്ല. വികസനം വന്നോട്ടെ, ആർക്കും തടസമില്ല. ഞങ്ങളുടെ അവകാശം തീരുമാനിക്കേണ്ടത് ഇന്ന് വന്നൊരാൾ അല്ല. പ്രഫുൽ പട്ടേൽ തനി ഒരു ബിസിനസുകാരൻ ആണ്. അയാളിലെ ഒരു ബിസിനസുകാരനെയാണ് ലക്ഷദ്വീപിൽ കണ്ടത്. കെട്ടിടങ്ങൾ ഇടിച്ച് പുതിയ കെട്ടിടങ്ങൾ പണിയാനാണ് അയാൾ ശ്രമിക്കുന്നത്. പ്രഫുൽ പട്ടേലിനെ ലക്ഷദ്വീപിൽ നിന്നും മാറ്റുമെന്ന കാര്യത്തിൽ ഉറപ്പുണ്ട്. ദ്വീപിൽ വികസനം വരണം’, ഐഷ വ്യക്തമാക്കുന്നു.
നേരത്തെ, സ്വന്തം ജീവിതം സിനിമയാക്കാൻ ആലോചിക്കുന്നതായി ഐഷ വ്യക്തമാക്കിയിരുന്നു. ഒരു വാക്കിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട തന്റെ ജീവിതം സിനിമയാക്കാൻ ആലോചിക്കുന്നതായും അതിനുവേണ്ടിയുള്ള ജോലികൾ തുടങ്ങി കഴിഞ്ഞെന്നുമായിരുന്നു ഐഷയുടെ വെളിപ്പെടുത്തൽ.
Post Your Comments