ചെന്നൈ: ആരോഗ്യവകുപ്പ് പ്രതിനിധി നൽകിയ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ഗുളിക കഴിച്ച സ്ത്രീ മരിച്ചു. തമിഴ്നാട് ഈറോഡ് കെ.ജി.വലസ് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ കുടുംബത്തിലെ മൂന്ന് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് ലക്ഷണങ്ങളുള്ള രോഗികളെ കണ്ടെത്താനെത്തിയ ആരോഗ്യവകുപ്പ് പ്രതിനിധിയെന്ന് സംശയിക്കുന്നയാളാണ് ഇവര്‍ക്ക് ഗുളിക നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ആരോഗ്യവകുപ്പിന്റെ പ്രതിനിധിയെന്ന പേരിൽ ഒരാൾ കര്‍ഷകനായ കറുപ്പണ്ണയുടെ വീട് സന്ദര്‍ശിച്ചത്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും പനിയോ ചുമയോ മറ്റോ ഉണ്ടോയെന്ന് ഇയാള്‍ ചോദിച്ചിരുന്നു.
പക്ഷെ ഇല്ലായെന്നായിരുന്നു കുടുംബത്തിന്‍റെ മറുപടി. ഇതിന് പിന്നാലെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനെന്ന പേരില്‍ ഇയാള്‍ കുറച്ച് ഗുളികകള്‍ നല്‍കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗുളിക കഴിച്ച കറുപ്പണ്ണനും ഭാര്യയും ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ അബോധാവസ്ഥയിലാവുകയായിരുന്നു.
അയല്‍വാസികളാണ് ഇവരെ ഈ അവസ്ഥയില്‍ കണ്ടെത്തുന്നത്. കറുപ്പണ്ണന്‍റെ ഭാര്യ അപ്പോഴേക്കും മരിച്ചിരുന്നു. അവശനിലയിലായ മറ്റുള്ളവരെ അയല്‍വാസികള്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments