KeralaLatest NewsNews

ടീച്ചറമ്മ വരണം, മാലാ പാർവതിയും കെ. ആർ മീരയും പരിഗണനയിൽ: വനിതാ കമ്മീഷന്‍ അധ്യക്ഷയായി നറുക്ക് വീഴുന്നത് ആർക്ക് ?

തിരുവനന്തപുരം: പരാതിക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിൽ ജനവികാരം എതിരായതോടെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം കൈവെള്ളയിൽ നിന്നും താഴെ വീണ് പോയതാണ് എം.സി.ജോസഫൈന്. ജോസഫൈൻ അത്ര ഫൈനല്ല എന്ന് നാല് വർഷം കഴിഞ്ഞാണ് പാർട്ടിക്ക് മനസിലായതെന്ന ആരോപണവും ഉയരുന്നുണ്ട്. എം സി ജോസഫൈൻ സ്ഥാനമൊഴിഞ്ഞ സ്ഥിതിക്ക് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ കസേര ഒഴിഞ്ഞു കിടക്കുകയാണ്. പകരം ആരെ പരിഗണിക്കണമെന്ന ചർച്ചയാണ്‌ നടക്കുന്നത്.

2018 ല്‍, ക്വത്വ, ഉന്നാവോ സംഭവങ്ങളെത്തുടര്‍ന്നു ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് ആറുമാസത്തിനുള്ളില്‍ വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദിവസങ്ങളോളം നിരാഹാര സത്യാഗ്രഹം നടത്തിയ സ്വാതി മല്‍വാള്‍ ആണ് ഇന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ. ഇത്തരം ശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കുന്നവരെ പരിഗണിക്കണമെന്നാണ് പാർട്ടിയിൽ ഉയരുന്ന ആവശ്യം.

Also Read:അനുഭവമാണ് ഏറ്റവും വലിയ യൂണിവേഴ്​സിറ്റി, ആറാം ക്ലാസ്സ്‌ വിദ്യാഭ്യാസത്തിലും അഭിമാനം മാത്രം: ജോമോൻ പുത്തൻപുരയ്‌ക്കൽ

പി.കെ. ശ്രീമതി, കെ.കെ. ശൈലജ, ടി.എന്‍ സീമ, സി.എസ്. സുജാത, പി. സതീദേവി തുടങ്ങിയവരുടെ പേരുകളാണ് സി പി എമ്മിൽ നിന്നും ഉയർന്ന് കേൾക്കുന്നത്. സാധ്യത കൂടുതൽ പി.കെ. ശ്രീമതിക്കും കെ.കെ. ശൈലജയ്ക്കുമാണ്. ടീച്ചറമ്മയെ പോലെ ഒരാളുടെ അഭാവം വനിതാ കമ്മീഷനിൽ ഉണ്ടെന്ന അടക്കം പറച്ചിലുകൾ ഇതിനോടകം പാർട്ടിക്കുള്ളിലും പുറത്തും നടക്കുന്നുണ്ട്. ഷൈലജ ടീച്ചറെ എംഎല്‍എ സ്ഥാനം രാജി വയ്‌പ്പിച്ച്‌ വനിതാ കമ്മീഷന്‍ അധ്യക്ഷയാക്കുന്നത് സമൂഹത്തിനു നൽകുന്നത് മോശം സന്ദേശമായിരിക്കുമെന്ന ചിന്തയും പാർട്ടിക്കുള്ളിലുണ്ട്.

കൂടാതെ, രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ മാത്രം ആകരുത് വനിതാ കമ്മീഷന്റെ തലപ്പത്തേക്കുള്ള നിയമനം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഈ സാചര്യത്തിൽ ഉയർന്നു വരുന്ന പേരുകളാണ് എഴുത്തുകാരി കെആര്‍ മീര, സാമൂഹ്യ ശാസ്ത്രജ്ഞയും ഫെമിനിസ്റ്റുമായ ജെ. ദേവിക, ചലച്ചിത്രതാരം മാലാ പാര്‍വതി, മന്ത്രി വി. ശിവന്‍കുട്ടിയുടെ ഭാര്യയും നിലവില്‍ പി.എസ്.സി അംഗവുമായ പാര്‍വതി ദേവി, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവരുടേത്.

സ്ഥാനമൊഴിയാന്‍ എട്ടു മാസം മാത്രം ബാക്കിനില്‍ക്കെയാണ് ജോസഫൈന്‍ രാജിവച്ചത്. എന്നാല്‍ മറ്റ് കമ്മീഷന്‍ അംഗങ്ങള്‍ക്ക് ബാക്കി കാലം തുടരാം. ഈ സാഹചര്യമായതിനാൽ എട്ട് മാസത്തേക്ക് നിലവിലെ കമ്മീഷന്റെ കാലാവധി തീരുന്നതുവരെ കമ്മീഷന്‍ അംഗമായ ഷാഹിദ കമാലിനെ അധ്യക്ഷയായി പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്തായാലും ഇക്കാര്യത്തിലും മുഖ്യമന്ത്രി പിണറായി വിജയന്റേത് തന്നെയാകും അന്തിമ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button