ന്യൂഡല്‍ഹി: ഇന്ത്യയിൽ രാജ്യത്തെ രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമായതോടെ മറ്റുരാജ്യങ്ങളിലേക്ക് വാക്‌സിന്‍ നല്‍കുന്നത് സർക്കാർ നിര്‍ത്തിവെച്ചിരുന്നു. ഏപ്രില്‍ മാസത്തിലായിരുന്നു രാജ്യത്തെ പൗരന്മാര്‍ക്ക് വാക്‌സിന്‍ നല്‍കാനായി മറ്റു രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ഇന്ത്യ നിര്‍ത്തിയത്. ഇപ്പോള്‍ രണ്ടാംഘട്ട വ്യാപനം കുറഞ്ഞ സ്ഥിതിയ്‌ക്ക് വാക്‌സിന്‍ വിതരണം പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
അതിനുളളില്‍ 66 മില്യണ്‍ ഡോസ് വാക്‌സിനുകളാണ് ഇന്ത്യ കയറ്റുമതി ചെയ്‌തത്. ഇന്ത്യ പിന്മാറിയതോടെ ഇവിടേക്ക് ചൈനയും റഷ്യയും അവരുടെ വാക്‌സിനുകള്‍ കയറ്റിയയക്കാന്‍ തുടങ്ങി. എന്നാൽ ആരംഭത്തിലുണ്ടായിരുന്ന പ്രതിസന്ധികളെ മറികടന്ന് രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ഇപ്പോള്‍ കുതിച്ചുതുടങ്ങി. രാജ്യത്തെ വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ തോതനുസരിച്ച് ജൂലായ് മാസം അവസാനമോ ഓഗസ്‌റ്റ് ആദ്യമോ ഇന്ത്യ ‘വാക്‌സിന്‍ മൈത്രി’ പുനരാരംഭിച്ചേക്കും.
അതേസമയം ഇത്തവണ വിദൂരരാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കില്ല. പകരം അയല്‍രാജ്യങ്ങള്‍ക്കാകും നല്‍കുക. ബംഗ്ളാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ വാങ്ങിയിരുന്ന വാക്‌സിനുകള്‍ നല്‍കാനാണ് ആലോചന. ഭൂട്ടാനും വാക്‌സിന്‍ നല്‍കാന്‍ മുന്‍ഗണനയുണ്ടാകും.
വാക്സിനേഷൻ നൽകുന്നതിൽ ഇന്ത്യ ഇപ്പോൾ റെക്കോർഡ് ഇട്ടിരിക്കുകയാണ്. തിങ്കളാഴ്‌ച മാത്രം രാജ്യത്ത് 89 ലക്ഷം ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി. ഇത് മറ്റൊരു രാജ്യങ്ങള്‍ക്കും സാദ്ധ്യമാകാത്ത കാര്യമാണ്. ഇതിലെ ആത്മവിശ്വാസമാണ് ഇന്ത്യയ്‌ക്ക് വാക്‌സിന്‍ മൈത്രി പുനരാരംഭിക്കാന്‍ ശക്തി പകരുന്നത്.
Post Your Comments