തിരുവല്ല: സ്ത്രീധന പീഡനം കോവിഡിനെക്കാൾ മാരകമാണ്. പത്തനംതിട്ട മേപ്രാലില്‍ മാർച്ച് 31 നു യുവതി ഒതളങ്ങ കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിലും വില്ലൻ സ്ത്രീധനമെന്ന് തന്നെ വ്യക്തം. പണം ആവശ്യപ്പെട്ടു ഭര്‍ത്താവും വീട്ടുകാരും യുവതിയോടും യുവതിയുടെ കുടുംബത്തോടും കാണിച്ച മാനസിക പീഡനത്തെ തുടർന്നാണ് തിരുവല്ല മേപ്രാല്‍ സ്വദേശി സി.എസ്.ശാരിമോൾ ആത്മഹത്യ ചെയ്തതെന്ന് ആരോപണം.
വിസ്മയയുടെ മരണം കേരളം ചർച്ച ചെയ്യുന്ന സാഹചര്യത്തിലാണ് ശാരിമോളുടെ ആത്മഹത്യയും സ്ത്രീധനത്തെ ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്നാണെന്നു യുവതിയുടെ കുടുംബം വെളിപ്പെടുത്തുന്നത്. പണം വേണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ യുവതിയുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയതിനു പിന്നാലെയാണു യുവതി വിഷക്കായ കഴിച്ചത്. ഒരു വർഷം മാത്രമായിരുന്നു ശാരി ഭർത്താവുമൊത്ത് ജീവിച്ചത്.
Also Read:രണ്ടുവര്‍ഷം മുമ്പ് കാണാതായ ഭർതൃമതിയായ യുവതിയെ കണ്ടെത്തിയത് ബംഗളൂരുവില്‍
ശാരിമോളുടെ സ്ഥിര നിക്ഷേപത്തില്‍നിന്ന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭര്‍ത്താവ് മകളെ സ്ഥിരമായി സമ്മർദ്ദം ചെലുത്തിയിരുന്നെന്നും ഇതേത്തുടർന്ന് വഴക്കുണ്ടായി എന്നുമാണ് ശാരിയുടെ കുടുംബം ആരോപിക്കുന്നത്. ബഹ്റൈന്‍ ഡിഫന്‍സ് ആശുപത്രിയില്‍ നഴ്സായിരുന്ന 30 വയസ്സുകാരിയായ ശാരിമോള്‍ 2021 മാര്‍ച്ച് 30ന് വിഷക്കായ കഴിക്കുകയായിരുന്നു.
2019 നവംബര്‍ 21ന് ആയിരുന്നു കൈനകരി സ്വദേശിയുമായുള്ള ശാരിയുടെ വിവാഹം. പിന്നീട് ശാരിമോള്‍ ബഹ്റൈനിലേക്ക് ജോലിക്കായി പോയി. പണത്തെ ചൊല്ലി ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ശാരിമോളുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയത് വീട്ടുകാർ ശാരിയെ വിളിച്ച് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് മാനസികമായി തകർന്ന ശാരി ആത്മഹത്യ ചെയ്യുകയായിരുന്നു. ചികിത്സയിലിരിക്കെ 31ന് മരിച്ചു.
ശാരിയുടെ വീട്ടിലെത്തിയ ഭർത്താവും ബന്ധുക്കളും വീടിനകത്തെ സാധനങ്ങള്‍ തകര്‍ക്കുകയും സഹോദരനെയും പിതാവിനെയും മര്‍ദിക്കുകയും ചെയ്തതായും ആരോപണമുണ്ട്. ഭര്‍ത്താവിന്‍റെ കുടുംബത്തിന്‍റെ കടബാധ്യതകള്‍ മറച്ചുവച്ചായിരുന്നു വിവാഹമെന്ന് ഇവര്‍ ആരോപിക്കുന്നു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നല്‍കി.
Post Your Comments