ന്യൂഡൽഹി : കോവിഡ് പശ്ചാത്തലത്തിൽ സൗജന്യ റേഷൻ നവംബർ വരെ നൽകാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം അഞ്ച് മാസം കൂടി സൗജന്യ ഭക്ഷ്യധാന്യം നൽകുന്നതിനാണ് അംഗീകാരം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 81 കോടി ജനങ്ങൾക്കാണ് ഇത് പ്രയോജനം ചെയ്യുകയെന്ന് യോഗം വിലയിരുത്തി.
പ്രതിമാസം ഒരാൾക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നതാണ് പദ്ധതി. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന ഗുണഭോക്താക്കൾക്കാണ് ഇതിൽ ആനുകൂല്യം ലഭിക്കുക. ഭക്ഷ്യ സബ്‌സിഡി ഇനത്തിൽ 64,031 കോടി രൂപയാണ് ചെലവ് സർക്കാർ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം എല്ലാവർക്കും വാക്‌സിൻ സൗജന്യമാക്കി പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് സൗജന്യ ഭക്ഷ്യധാന്യം നവംബർ വരെ നീട്ടിയതായും അറിയിച്ചത്. ഇതിന്റെ മുഴുവൻ ചെലവും കേന്ദ്രസർക്കാരാണ് വഹിക്കുന്നത്. വിതരണത്തിന് മാത്രമായി 3,234.85 കോടി രൂപയാണ് ചെലവ് സർക്കാർ പ്രതീക്ഷിക്കുന്നത്.
Post Your Comments