തിരുവനന്തപുരം: ഭര്‍തൃ ഗൃഹത്തില്‍ ആത്മഹത്യ ചെയ്ത വിസ്മയയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊല്ലം നിലമേലുള്ള വീട്ടിലെത്തിയാണ് വീണാ ജോര്‍ജ് വിസ്മയയുടെ മാതാപിതാക്കളെയും സഹോദരനെയും കണ്ടത്. ആരോഗ്യമന്ത്രി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സ്ത്രീധന സമ്പ്രദായത്തിന്റെ ഇരയാണ് വിസ്മയ എന്ന് വീണാ ജോര്‍ജ് പറഞ്ഞു. പഴുതടച്ചുള്ള അന്വേഷണവും നടപടികളും ഉണ്ടാകുമെന്നും സ്ത്രീധനത്തിന്റെ പേരില്‍ ഇനി ഒരു പെണ്‍കുട്ടിയുടെ ജീവനും നഷ്ടപ്പെടരുതെന്നും മന്ത്രി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഭര്‍തൃ ഗൃഹത്തില്‍ മരിച്ച വിസ്മയയുടെ കൊല്ലം നിലമേലുള്ള കുടുംബ വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും സന്ദര്‍ശിച്ചു. 24 വയസ്സ് വരെ മാത്രം ജീവിതമുണ്ടായിരുന്ന ആ പെണ്‍കുട്ടി സ്ത്രീധന സമ്പ്രദായത്തിന്റെ ഇരയാണ്. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയക്ക് ഭര്‍ത്താവില്‍ നിന്നും പീഡനമേറ്റിരുന്നുവെന്നാണ് കുടുംബം വെളിപ്പെടുത്തുന്നത്. അര്‍ച്ചന, സുചിത്ര എന്നീ രണ്ട് പെണ്‍കുട്ടികളുടെ അസ്വാഭാവിക മരണങ്ങളും ഈ ദിവസങ്ങളില്‍ ഉണ്ടായി. അതീവ ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നത്. പഴുതുകളടച്ചുള്ള അന്വേഷണവും നടപടികളും ഉണ്ടാകും. സ്ത്രീധനത്തിന്റെ പേരില്‍ ഇനി ഒരു പെണ്‍ജീവനും ഇവിടെ നഷ്ടപ്പെടരുത്. അതിനായി നമുക്ക് ഒരുമിച്ച് നില്‍ക്കാം.
Post Your Comments