മുംബൈ: മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാര്‍ അധിക കാലം മുന്നോട്ടുപോകില്ലെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നാവിസ്. മഹാ വികാസ് അഘാടി സഖ്യം ഒരു ദിവസം വീഴുമെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസ് അഡ്‌വൈസറി കമ്മിറ്റി(ബിഎസി) യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മണ്‍സൂണ്‍ സെഷന്‍ വെറും രണ്ട് ദിവസമായി ചുരുക്കിയതില്‍ പ്രതിഷേധിച്ച് ബിഎസി യോഗത്തില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ഇത്രയും ചുരുങ്ങിയ സമയം മതിയാകില്ലെന്നും സഖ്യ സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും ഫട്‌നാവിസ് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് കര്‍ഷകരും വിദ്യാര്‍ത്ഥികളുമെല്ലാം പ്രതിസന്ധിയിലാണെന്നും മഹാരാഷ്ട്രയില്‍ ക്രമസമാധാനനില തകരാറിലാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ബിജെപിയോടൊപ്പം ചേരണമെന്ന ശിവസേന നേതാവിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അത് ബിജെപിയുടെ വിഷയമല്ലെന്നായിരുന്നു ഫട്‌നാവിസിന്റെ പ്രതികരണം. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായി നിലനില്‍ക്കുന്നതിനാല്‍ മഹാ വികാസ് അഘാടി സര്‍ക്കാര്‍ തനിയെ താഴെ വീഴുമെന്ന് ഫട്‌നാവിസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments